തിരുവനന്തപുരം: 65 ലക്ഷം പേരുടെ ലോഗിൻ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ച അതിഗുരുതര കുറ്റംചെയ്തവരെ വിട്ട് വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തെയും റിപ്പോർട്ടറെയും പിടിക്കാൻ ക്രൈംബ്രാഞ്ച്. വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വാർത്ത വ്യാജമാണെന്നുമുള്ള വാദം പൊളിച്ചടുക്കി ‘മാധ്യമം’ രേഖ പുറത്തുവിട്ടതോടെ പി.എസ്.സിക്ക് നിൽക്കക്കള്ളിയില്ലാതായിരുന്നു.
ഇതോടെയാണ് വാർത്തയിലൂടെ പുറത്തുവന്ന ഗുരുതര കുറ്റം വിട്ട് വാർത്ത റിപ്പോർട്ട് ചെയ്തവരെ പിടിക്കാൻ പി.എസ്.സിയും പിന്നാലെ ക്രൈംബ്രാഞ്ചും നീക്കം തുടങ്ങുന്നത്. പി.എസ്.സിയുടെ രഹസ്യരേഖ പുറത്തുപോയെന്ന കാരണം പറഞ്ഞ് പി.എസ്.സി ചെയർമാൻ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി സെക്രട്ടറി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ലോഗിൻ വിവരം ചോർന്നുവെന്ന് വ്യക്തമായിട്ടും ഇതിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ പി.എസ്.സിക്ക് താൽപര്യമില്ല. പകരം വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തിന്റെ ചീഫ് എഡിറ്ററെയും റിപ്പോർട്ടറെയും ചോദ്യമുനയിൽ നിർത്തുകയാണ്.
ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച് അന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കാനിടയുള്ള വിഷയം മാധ്യമങ്ങൾ വാർത്തയാക്കുന്നതും അതിന് ആധാരമായ രേഖകൾ പുറത്തുവിടുന്നതും സ്വാഭാവികം മാത്രമാണെന്ന് കത്തിൽ പറയുന്നു. ജനപക്ഷത്തുനിന്ന് വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്.
പൊലീസ് നടപടികളിലൂടെ അതിന് തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും ഭൂഷണമല്ല. അതിന് പകരം പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും യൂനിയൻ ഭാരവാഹികൾ കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.