നിര്‍ദേശിച്ച പേരുകള്‍ കെ.പി.സി.സി തള്ളി; കൊച്ചി മേയര്‍ തീരുമാനം അനിശ്ചിതത്വത്തില്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്ക സഭക്ക് വഴങ്ങി സമര്‍പ്പിച്ച പേരുകള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തള്ളിയതായി സൂചന. എ ഗ്രൂപ്പിന് നീക്കിവെച്ച കൊച്ചിയില്‍ ഇതോടെ മേയറെ തീരുമാനിക്കുന്നത് അനിശ്ചിതത്വത്തിലായി. പാര്‍ട്ടി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ മറികടന്നെന്ന പേരിലാണ് ലിസ്റ്റ് മടക്കിയത്. ആദ്യ രണ്ടരവര്‍ഷം പുതുമുഖം ഷൈനി മാത്യുവും അവസാന രണ്ടര വര്‍ഷം സൗമിനി ജെയിനും മേയറാകണമെന്ന ശിപാര്‍ശയാണ്് കെ.പി.സി.സി മുമ്പാകെ എത്തിയത്. പലതലങ്ങളില്‍ പല പേരുകള്‍ ചര്‍ച്ചചെയ്ത ശേഷം ലത്തീന്‍ കത്തോലിക്ക സഭയുടെ ഉറച്ചനിലപാടിന് വഴങ്ങിയാണ് ഷൈനി മാത്യുവിന്‍െറ കാര്യത്തില്‍ തീരുമാനമുണ്ടായതെന്നാണ് സൂചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദം ഐ വിഭാഗത്തിനും മേയര്‍ പദവി എ വിഭാഗത്തിനുമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഷൈനിയും സൗമിനിയും എ ഗ്രൂപ്പുകാരാണ്. കെ.പി.സി.സി നിലപാട് അറിഞ്ഞശേഷം തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് ലിസ്റ്റ് തള്ളിയ നടപടി.  
മറ്റ് പേരുകള്‍ സഭ അംഗീകരിക്കാതെ വന്നതോടെയാണ് ഷൈനി മാത്യുവിന്‍െറ പേര് ഉള്‍പ്പെടുത്തിയത്. സൗമിനി ജയിന്‍െറയും മുതിര്‍ന്ന അംഗം ഡെലീന പിന്‍ഹീറോയുടെയും പേരുകള്‍ സഭാനേതൃത്വം തള്ളുകയായിരുന്നു. ലത്തീന്‍ കത്തോലിക്ക സഭയുടെ പിന്തുണകൊണ്ടാണ് പല ഡിവിഷനുകളിലും കോണ്‍ഗ്രസ് ജയിച്ചതെന്ന് കണക്കിലെടുത്തും സഭാ നേതൃത്വത്തെ പിണക്കുന്നത് അപകടകരമാകുമെന്ന തിരിച്ചറിവിലുമായിരുന്നു നീക്കം. ഷൈനി മാത്യുവിന്‍േറത് പേമെന്‍റ് സീറ്റാണെന്ന ആരോപണത്തെ തുടര്‍ന്നാണ്, ഡെലീന പിന്‍ഹീറോയെ പോലുള്ളവരുടെ പേരുകള്‍ തലേന്ന് വരെ എ ഗ്രൂപ് പരിഗണിച്ചത്. എന്നാല്‍, ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരി തന്നെയാകണം മേയറെന്ന് അതിരൂപതയും കൊച്ചി രൂപതയും ഉറച്ച നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തില്‍ ഡെലീന പിന്‍ഹീറോ ശക്തമായി പ്രതിഷേധിച്ച് രംഗത്തത്തെിയതിന് പിന്നാലെയാണ് കെ.പി.സി.സിയും ലിസ്റ്റ് തള്ളിയത്. ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയാണ് പച്ചാളം സ്വദേശി ഡെലീന.
അതിനിടെ, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ലീഗ് രംഗത്തുവന്നത് കോണ്‍ഗ്രസിന് മറ്റൊരു പ്രതിസന്ധിയായി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചതായാണ് അറിയുന്നത്. ലീഗിന്‍െറ രണ്ടംഗങ്ങളുടെ പിന്തുണയില്ളെങ്കില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാകുമെന്നിരിക്കെ നീക്കം കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്.


തിരുവനന്തപുരത്ത് വി.കെ. പ്രശാന്ത് മേയറാകും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ എല്‍.ഡി.എഫിനാണ് ഭരണം ലഭിക്കുക. സി.പി.എമ്മിന്‍െറ അഡ്വ. വി.കെ. പ്രശാന്താണ് മേയര്‍ സ്ഥാനാര്‍ഥി. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം കിട്ടുമെന്നുറപ്പായ സ്ഥിതിക്ക് മേയര്‍ സ്ഥാനത്തേക്ക് പ്രമുഖരെ നിര്‍ത്തേണ്ടതില്ളെന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പി ജില്ലാ നേതൃത്വത്തിന്‍െറ അഭിപ്രായം. മിക്കവാറും ബി.ജെ.പി ഇന്ന് മേയര്‍ സ്ഥാനാര്‍ഥിയെയും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കും. എല്‍.ഡി.എഫിന് 43ഉം ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21ഉം ഒരു സ്വതന്ത്രനുമാണ് കോര്‍പറേഷനിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 26 ഡിവിഷനുകളില്‍ 19 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഭരണത്തിലത്തെിയിരിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.കെ. മധുവാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒരു ഡിവിഷനുമാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഇവിടെ വി.കെ. മധു പ്രസിഡന്‍റാകുമെന്ന് ഉറപ്പായിട്ടുണ്ട്.

കൊല്ലം കോര്‍പറേഷനില്‍ രാജേന്ദ്രബാബു
കൊല്ലം: ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച കൊല്ലം കോര്‍പറേഷനില്‍ സി.പി.എമ്മിലെ വി. രാജേന്ദ്രബാബു മേയറാകും. സി.പി.ഐയിലെ വിജയ ഫ്രാന്‍സിസായിരിക്കും ഡെപ്യൂട്ടി മേയര്‍. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റാണ് രാജേന്ദ്രബാബുവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചത്. കാലാവധി അവസാനിച്ച കൗണ്‍സിലിലെ ഡെപ്യൂട്ടി മേയര്‍ എം. നൗഷാദിന്‍െറ പേരും സജീവമായി പരിഗണിച്ചിരുന്നു. ഇതിനിടെ സമവായത്തിലൂടെ മറ്റൊരാളെ മേയറാക്കണമെന്ന ആവശ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. പരിചയ സമ്പന്നതയാണ് രാജേന്ദ്രബാബുവിന് അനുകൂലമായത്. സി.പി.എം കൊല്ലം ഏരിയ സെന്‍റര്‍ അംഗമായ രാജേന്ദ്രബാബു 2005-10 കൗണ്‍സിലിന്‍െറ അവസാന ടേമില്‍ മേയറായിരുന്നു. സ്ഥിരംസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്നു. അഭിഭാഷകനാണ്. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. സി.പി.ഐ കൊല്ലം ജില്ലാ കൗണ്‍സില്‍ അംഗവും മഹിളാസംഘം നേതാവുമാണ് വിജയ ഫ്രാന്‍സിസ്. ആദ്യമായാണ് കൗണ്‍സിലറാകുന്നത്.  


കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ ‘സുരക്ഷിത വലയ’ത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ യുദ്ധസമാനമായ രീതിയിലേക്കു മാറുന്ന സാഹചര്യത്തില്‍ കൈയിലുള്ള കൗണ്‍സിലര്‍മാര്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്നണികള്‍  മുന്‍കരുതലില്‍. മേയര്‍ തെരഞ്ഞെടുപ്പിനു തലേന്ന് ചിലരെയെങ്കിലും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് കൗണ്‍സിലര്‍മാരെ കണ്‍വെട്ടത്തുതന്നെ നിര്‍ത്തിയിരിക്കുന്നത്.  പാര്‍ട്ടി പ്രവര്‍ത്തകരെയോ അനുയായികളെയോ  കൗണ്‍സിലര്‍മാരുടെ കൂടെ എപ്പോഴുമുണ്ടാകാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു മുന്നണികളും പിടിവലി നടത്തുന്ന കോണ്‍ഗ്രസ് വിമതന്‍  പി.കെ.  രാഗേഷും തട്ടിക്കൊണ്ടുപോകലിന്‍െറ നിഴലിലാണ്.   തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത സംബന്ധിച്ച്  രാഗേഷിന്‍െറ  ജ്യേഷ്ഠന് പൊലീസിലെ ഒരു വിഭാഗം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തനിച്ചുള്ള യാത്രകള്‍ വേണ്ടെന്നും  നിര്‍ദേശം നല്‍കിയിട്ടുണ്ട്.
27 കൗണ്‍സിലര്‍മാര്‍ വീതമുള്ള എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭരണം നേടാന്‍ ഒരു വോട്ട് കൂടുതല്‍ മതി.  രാഗേഷിന്‍െറ കാര്യത്തില്‍ ഇരുവിഭാഗവും പ്രതീക്ഷയിലുമാണ്. രാഗേഷ് ഏതു മുന്നണിയിലേക്കുപോയാലും തെരഞ്ഞെടുപ്പിന് രണ്ട് കൗണ്‍സിലര്‍മാര്‍ എത്താതിരുന്നാല്‍ മറുപക്ഷം ഭരണത്തിലേറുന്ന സാഹചര്യമുണ്ടാവും. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിന്‍െറ ഭാഗമായാണ് കൗണ്‍സിലര്‍മാരെ കണ്ണെത്തും ദൂരത്തുതന്നെ നിര്‍ത്തിയിരിക്കുന്നത്. രാഷ്ട്രീയം ഒരു യുദ്ധമാണ്, അതിലെ തന്ത്രങ്ങള്‍ നേരത്തെ ആരും പറയില്ലല്ളോ എന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതോടെ അപ്രതീക്ഷിത നീക്കങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന ആലോചനയിലാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് വോട്ടെടുപ്പിന് എത്താനാവാതിരിക്കുന്ന സാഹചര്യം വന്നാല്‍ കോര്‍പറേഷന്‍െറ ഭരണം തന്നെ ഇല്ലാതാവും. കോര്‍പറേഷന്‍ ഫലപ്രഖ്യാപനത്തിനു ശേഷം എല്‍.ഡി.എഫിന്‍െറ ഒരു കൗണ്‍സിലറെ പണം കൊടുത്തു വശത്താക്കാന്‍ കെ. സുധാകരന്‍ ശ്രമിച്ചുവെന്ന് സി.പി.എം ആരോപിച്ചിരുന്നു.
തന്നെ വാഹനത്തില്‍ വലിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്ന് ഈ കൗണ്‍സിലര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് നേതാക്കള്‍ കൗണ്‍സിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമതനെ കൂടെ കൂട്ടാനുള്ള നീക്കങ്ങള്‍ക്കൊപ്പം തന്നെ അവസാന നിമിഷം വരെ കൂടെയുള്ളവര്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമവും പാര്‍ട്ടികള്‍ക്ക് തലവേദനയാവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.