മലപ്പുറം: പുതുതായി രൂപീകരിച്ച കൊണ്ടോട്ടി നഗരസഭ സി.പി.എം-കോൺഗ്രസ് സഖ്യത്തിലുള്ള മതേതര വികസന മുന്നണി ഭരിക്കും. യു.ഡി.എഫിൽ തർക്കം രൂക്ഷമായതിനെ തുടർന്നാണ് അപൂർവസഖ്യം കൊണ്ടോട്ടിയിൽ അധികാരത്തിൽ വന്നിരിക്കുന്നത്. ഏറെ നാടകീയതകൾക്കൊടുവിലാണ് ഇവിടെ ഭരണസമിതി നിലവിൽ വന്നത്. മതേതര വികനമുന്നണിയുടെ പി. നാടിക്കുട്ടിയാണ് നഗരസഭാ ചെയർമാൻ.
മതേതര വികസനമുന്നണിക്ക് 21 അംഗങ്ങളാണ് നഗരസഭയിൽ ഉള്ളത്. മുസ് ലിം ലീഗിന് 18 അംഗങ്ങളും എസ്.ഡി.പി.ഐക്ക് ഒരു അംഗവുമുണ്ട്. മതേതര വികസനമുന്നണിയിൽ മൂന്നു പേർ ജയിച്ചത് കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയിലാണ്.
ചെയർമാൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയതായി വിവരം വന്നു. ഇ-മെയിൽ വഴിയായിരുന്നു ഡി.സി.സി പ്രസിഡൻറ് വിപ്പ് അയച്ചത്. എന്നാൽ മൂന്നുപേരും ഈ വിപ്പ് ലംഘിച്ചു. വോട്ടെടുപ്പിൻെറ സമയത്ത് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരുന്ന അംഗത്തിൻെറയടക്കം രണ്ടുപേരുടെ വോട്ട് അസാധുവായി. എസ്.ഡി.പി.ഐ അഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതോടെ ഒരു വോട്ടിൻെറ ഭൂരിപക്ഷത്തിൽ മതേതര വികനമുന്നണിയുടെ നാടിക്കുട്ടി കൊണ്ടോട്ടി നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനിടെ എൽ.ഡി.എഫ് അംഗം ഓപൺ വോട്ട് ചെയ്തുവെന്ന ആരോപണവുമായി മുസ് ലിം ലീഗ് രംഗത്തുവന്നു.
ഡി.സി.സി നൽകിയ വിപ്പ് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ വിശദീകരണം നൽകി. ഇതോടെ വിപ്പ് ലംഘിച്ച അംഗങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനത്തിനനുസരിച്ച് കൊണ്ടോട്ടി നഗരസഭാ ഭരണത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കിയാൽ അത് സി.പി.എം-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.