ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് സി.പി.എം; വൈസ് പ്രസിഡന്‍റ് കോണ്‍ഗ്രസ്

ആലുവ: ഭരണം അനിശ്ചിത്വത്തിലായ ചെങ്ങമനാട് പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റ് സ്ഥാനം എല്‍.ഡി.എഫിനും,  വൈസ് പ്രസിഡന്‍റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു. സി.പി.എമ്മിലെ പി.ആര്‍.രാജേഷിനെ പ്രസിഡന്‍റായും, കോണ്‍ഗ്രസിലെ ആശ ഏല്യാസിനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ആകെയുള്ള 30 വാര്‍ഡുകളില്‍ എല്‍.ഡി.എഫിനും, യു.ഡി.എഫിനും ആറ് സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബി.ജെ.പിക്ക് അഞ്ച് സീറ്റ് ലഭിച്ചു. ഒരു സീറ്റില്‍ എസ്.ഡി.പി.ഐയുമാണ് വിജയിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പി.ആര്‍.രാജേഷിന്‍െറ പേര് സി.പി.എമ്മിലെ ടി.കെ.സുധീര്‍ നിര്‍ദ്ദേശിക്കുകയും, രമണി മോഹനന്‍ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരിയാണ് മല്‍സരിച്ചത്. ദിലീപിന്‍െറ പേര് കോണ്‍ഗ്രസിലെ ജെര്‍ളി കപ്രശ്ശേരി നിര്‍ദ്ദേശിക്കുകയും, ജയന്തി അനില്‍കുമാറാണ് പിന്താങ്ങുകയും ചെയ്തത്. അഞ്ച് സീറ്റുള്ള ബി.ജെ.പി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചത് എം.ബി.രവിയെയായിരുന്നു. രവിയുടെ പേര് വി.എന്‍.സജീവ്കുമാര്‍ നിര്‍ദ്ദേശിക്കുകയും, പി.എന്‍.സിന്ധു പിന്താങ്ങുകയും ചെയതു. ആദ്യവട്ടം തെരഞ്ഞെടുപ്പില്‍ ഇരു മുന്നണി സ്ഥാനാര്‍ഥികള്‍ക്കും ആറ് വോട്ടുകള്‍ വീതവും, ബി.ജെ.പിക്ക് അഞ്ചും വോട്ടുകളും ലഭിച്ചു. എസ്.ഡി.പി.ഐയുടെ വോട്ട് അസാധുവായി. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആറ് വീതം വോട്ടുകള്‍ ലഭിച്ചതിനാല്‍ രണ്ടാം വട്ടം ബി.ജെ.പിയെ ഒഴിവാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.

രണ്ടാം വട്ട തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെയും, എസ്.ഡി.പി.ഐയുടെയും വോട്ടുകള്‍ അസാധുവാവുകയും, മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആറ് വീതം വോട്ടുകള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തുകയും രാജേഷിന് നറുക്ക് വീഴുകയും ചെയ്തത്. റിട്ടേണിംഗ് ഓഫീസര്‍ പി.ഇന്ദു മുമ്പാകെ രാജേഷ് സത്യവാചകം ചൊല്ലി അധികാരമേറ്റു. ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഒന്നാം റൗണ്ടില്‍ ഇടത്മുന്നണിയില്‍ നിന്ന് സുമ ഷാജിയും, കോണ്‍ഗ്രസില്‍ നിന്ന് ആശ ഏല്യാസും, ബി.ജെ.പിയില്‍ നിന്ന് ലത ഗംഗാധരനും മല്‍സരിച്ചു. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആറ് വീതം വോട്ടുകള്‍ ലഭിച്ചതിനാല്‍ രണ്ടാം റൗണ്ടില്‍ അഞ്ച് വോട്ട് മാത്രം ലഭിച്ച ബി.ജെ.പിയെ മല്‍സരത്തില്‍ നിന്ന് ഒഴിവാക്കി. എസ്.ഡി.പി.ഐയുടെ വോട്ട് അപ്പോഴും അസാധുവായി.

ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ടുകള്‍ ലഭിക്കുകയും, ബി.ജെ.പിയുടെയും, എസ്.ഡി.പി.ഐയുടെയും വോട്ടുകള്‍ അസാധുവാവുകയും ചെയ്തു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയതോടെയാണ്  ഭാഗ്യം ആശ ഏല്യാസിനെ തുണച്ചത്. വൈസ് പ്രസിഡന്‍റിന് സത്യവാചകം ചൊല്ലിക്കൊടുത്തത് പ്രസിഡന്‍റായിരുന്നു. എല്‍.ഡി.എഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചതിനത്തെുടര്‍ന്ന് രാവിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും, യു.ഡി.എഫിന് വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചതിനത്തെുടര്‍ന്ന് ഉച്ചക്ക് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.