സുപ്രീംകോടതിയിലെ നിസാമിന്‍െറ ഹരജി കാപ്പ ചുമത്തിയ കാലത്ത് ഒപ്പിട്ടു വാങ്ങിയ വക്കാലത്തില്‍

തൃശൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ സമയത്ത് ഒപ്പിട്ടു വാങ്ങിയ വക്കാലത്തിലാണ് ചന്ദ്രബോസ് വധക്കേസിന്‍െറ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നിസാം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വെള്ളിയാഴ്ചയാണ് നിസാം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേരളത്തില്‍ മാധ്യമ വിചാരണ നടക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കേസ് വൈകിപ്പിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഹരജി. മാര്‍ച്ച് ഒമ്പതിന് കാപ്പ ചുമത്തിയ നിസാമിനെ മാര്‍ച്ച് 15ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ കഴിയുന്ന സെപ്റ്റംബര്‍ 26ന് ഒപ്പിട്ട വക്കാലത്തിലാണ് നിസാമിന്‍െറ ഹരജി നല്‍കിയത്. വിചാരണ ആരംഭിക്കുന്നതിന്‍െറ തലേന്ന് ഒക്ടോബര്‍ 25നാണ് നിസാമിന് പിന്നീട് വിയ്യൂരിലേക്ക് കൊണ്ടുവന്നത്.  
വിചാരണ മാറ്റണമെന്ന ഹരജിയില്‍ ചന്ദ്രബോസിന്‍െറ ഭാര്യ ജമന്തി കക്ഷി ചേര്‍ന്നേക്കും. തൃശൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വിചാരണ മാറ്റരുതെന്നാണ് ജമന്തിയുടെ അപേക്ഷ. നിസാമിന്‍െറ ഹരജി പരിഗണിക്കുന്ന തിങ്കളാഴ്ച സുപ്രീം  കോടതിയുടെ അഭിപ്രായമറിഞ്ഞ ശേഷമായിരിക്കും അപേക്ഷ നല്‍കുക.
 സുപ്രീംകോടതിയില്‍ നിസാം നല്‍കിയ ഹരജി വിചാരണക്കോടതിയിലും ശനിയാഴ്ച ചര്‍ച്ചയായി. കേസ് വൈകിപ്പിക്കുന്നുവെന്നാണ് സുപ്രീംകോടതിയിലെ ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി രേഖകളുടെ പകര്‍പ്പും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ കാണിച്ചു. സുപ്രീംകോടതി നിര്‍ദേശം വരുന്നത് വരെ ഈ കോടതിയിലെ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണോദ്യോഗസ്ഥരുടെ വിസ്താരത്തിലേക്ക് കടന്ന് വിചാരണ അവസാനത്തിലത്തെിയിരിക്കെ സുപ്രീംകോടതിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാണ്. സ്റ്റേയോ വിചാരണ മാറ്റണമെന്നുള്ള നിര്‍ദേശമോ  കേസിനെ ബാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അഡ്വ. ദീപക്കാണ് ജമന്തിക്ക് വേണ്ടി ഹാജരാവുന്നത്. കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാവുന്നത്. ഇതിനിടെ നിസാമിനെതിരെയുള്ള മുന്‍ കമീഷണര്‍ ജേക്കബ് ജോബുമായി ഗൂഢാലോചന നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമുള്ള അന്വേഷണത്തെ സംബന്ധിച്ച വിശദാംശങ്ങളും സുപ്രീംകോടതിയെ അറിയിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ കേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയെ സമീപിച്ചതായി ജോസഫ് തന്നെ നല്‍കിയ റിവ്യൂ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.