കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്നത് ആര്‍.എസ്.എസ് യാത്രയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക ഉടുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ഥയാണ് യാത്രയുടെ ജ്യോതിപ്രകാശനം നടത്തുന്നത്. ഇദ്ദേഹത്തിന്‍െറ കീഴിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും അവര്‍ണര്‍ക്കും വെവ്വേറെയാണ് പന്തിഭോജനം. ബ്രാഹ്മണരുടെ എച്ചിലില്‍ അവര്‍ണരെ ശയനപ്രദക്ഷിണം ചെയ്യിക്കുന്നതാണ് അവിടത്തെ ഏര്‍പ്പാട്. യാത്ര ഉയര്‍ത്തുന്ന സമത്വം ഏതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
കര്‍ണാടയിലെ വിശ്വഹിന്ദു പരിഷത് നേതാവാണ് ഭീകരതാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആരോപണവിധേയനായ പേജാവര്‍ മഠാധിപതി. കര്‍ണാടകയിലെ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയെ കൊലചെയ്ത സംഭവത്തെയും കെ.എസ്. ഭഗവാനെതിരായ ആക്രമണത്തെയും അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വാമിയുടേത്. വര്‍ണാശ്രമധര്‍മങ്ങള്‍ നടപ്പാക്കാന്‍ കേരളത്തിലെ മണ്ണ് പാകപ്പെടുത്താനുള്ള ആര്‍.എസ്.എസ് പരിപാടിയാണ് വെള്ളാപ്പള്ളിയുടെ യാത്രയെന്ന് വ്യക്തം. കുമ്മനം രാജശേഖരന്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂരില്‍ മോഹന്‍ ഭാഗവതിന്‍െറ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍.എസ്.എസ് സമന്വയ ബൈഠകിന്‍െറ തീരുമാനങ്ങള്‍ സംസ്ഥാനത്ത് വര്‍ഗീയധ്രുവീകരണം ലക്ഷ്യമിടുന്നതാണ്. വര്‍ഗീയധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സി.പി.എം ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടാംവാരംവരെ പ്രചാരണജാഥകള്‍ സംഘടിപ്പിക്കും. സ്ത്രീസുരക്ഷ ഉറപ്പുനല്‍കാത്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ജനുവരി ആറിന് എറണാകുളത്ത് വനിതാപാര്‍ലമെന്‍റ് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും പങ്കെടുത്തു.
വെള്ളാപ്പള്ളിയുടേത് ആര്‍.എസ്.എസ് ഷാള്‍ –വി.എസ്
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്‍െറ പുതപ്പ് ധരിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ ആര്‍.എസ്.എസുകാരുടെ ഷാളാണ് ഇടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മൈക്രോഫിനാന്‍സ് അഴിമതിയില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവിന്‍െറ ആദര്‍ശം ഉപേക്ഷിച്ച് ആര്‍.എസ്.എസിനെ വളര്‍ത്താന്‍ നടേശന്‍ ഇറങ്ങിക്കഴിഞ്ഞു. ശ്രീനാരായണീയരെ അപഹസിക്കുന്നതാണിത്. അവര്‍ ഇത് മനസ്സിലാക്കുന്നുണ്ട്. കുമാരനാശാന്‍ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. അല്‍പന്മാരുടെ പ്രസക്തി ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും വി.എസ് പറഞ്ഞു.
പുതിയ പാര്‍ട്ടി എസ്.എന്‍.ഡി.പിയുടെ അല്ല –വെള്ളാപ്പള്ളി
കാസര്‍കോട്: പുതിയ പാര്‍ട്ടി എസ്.എന്‍.ഡി.പിയുടേതല്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ അഞ്ചിനുണ്ടാകുമെന്നും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനകം നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും പാര്‍ട്ടിയില്‍ ചേരാം. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് താനുണ്ടാവില്ല. പാര്‍ട്ടിയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ എതിരല്ല. എന്നാല്‍, ഭൂരിപക്ഷ സമുദായത്തിന് കിട്ടേണ്ടത് കിട്ടിയേ തീരൂ. ആ വാദം ഉന്നയിച്ചുള്ള യാത്രയാണിത്. ഇത് ബി.ജെ.പിക്ക് വേണ്ടിയുള്ള യാത്രയല്ല. യാത്രയെക്കുറിച്ച് ഇതുവരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പോലും തന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല. എസ്.എന്‍.ഡി.പിയും ബി.ജെ.പിയും സഖ്യമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പാര്‍ട്ടിയുണ്ടാക്കിയാല്‍ ആരുമായും ചേരും. ഗുരുദേവന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ ചാട്ടവാര്‍ കൊണ്ട് അടിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ഗുരുദേവന്‍ ചാട്ടവാര്‍ പിടിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന അദ്ദേഹത്തെ നിന്ദിക്കുന്ന തരത്തിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടി: ആര്‍.എസ്.എസിന്ആശങ്കയില്ല –പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍
കണ്ണൂര്‍: വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ ആര്‍.എസ്.എസിന് ആശങ്കയില്ളെന്ന് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിരഹിതവും ഏകീഭവിക്കപ്പെട്ടതുമായ ഹിന്ദുസമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നീക്കമെന്ന നിലയില്‍ ഇത് ശുഭസൂചകമാണ്. ജാതിരഹിതമായ ഹിന്ദുസമൂഹമെന്നതു തന്നെയാണ് ആര്‍.എസ്.എസിന്‍െറയും ലക്ഷ്യം. സമത്വമുന്നേറ്റ യാത്രയെന്നത് ഏതെങ്കിലും ഒരു സമുദായത്തിന്‍െറ മാത്രം യാത്രയല്ളെന്നതാണ് വ്യക്തമാകുന്നത്. ഹിന്ദു ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളെന്ന നിലക്ക് അതിനെ അംഗീകരിക്കും. ബി.ജെ.പിയും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും ഒന്നിച്ചു പ്രവര്‍ത്തിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യങ്ങളില്‍ അവര്‍ തന്നെയാണ് അഭിപ്രായം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആര്‍.എസ്.എസ് ശക്തി പ്രാപിച്ചു കഴിഞ്ഞു. 2015 ആകുമ്പോഴേക്കും പതിനൊന്നായിരം കേന്ദ്രങ്ങളില്‍ ശാഖകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്തിരുന്നു. എന്നാല്‍, രഹസ്യപരിപാടിക്കാണ് വന്നതെന്നും മറ്റുമുള്ള പ്രചാരണങ്ങളില്‍ വസ്തുതയില്ല. മോഹന്‍ ഭാഗവതിന്‍െറ സന്ദര്‍ശനം വര്‍ഗീയ കലാപത്തിന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കാനെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതിന്‍െറ മറവില്‍ ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കി മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
/"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.