പശ്ചിമഘട്ടം ക്വാറി മാഫിയക്ക്

തിരുവനന്തപുരം: അതീവ പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ മുഴുവന്‍ പട്ടയഭൂമിയും കരിങ്കല്‍-ക്വാറി മാഫിയയുടെ നിയന്ത്രണത്തിലേക്ക്. പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക്  അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണിത്. നേരത്തെ  കര്‍ശന വ്യവസ്ഥകളോടെ പ്രവര്‍ത്തനാനുമതി ലഭിക്കുകയും പിന്നീട് നിയമലംഘനത്തിന്‍െറ പേരില്‍ അടച്ചുപൂട്ടുകയും ചെയ്ത ക്വാറി യൂനിറ്റുകള്‍ക്ക് ഇതോടെ പ്രവര്‍ത്തിക്കാനാകും. നിയമവകുപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അഡ്വക്കറ്റ് ജനറലിന്‍െറ ഉപദേശത്തിന്‍െറ തണലിലാണ് തീരുമാനം.

തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ നവംബര്‍ 11നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ക്വാറി മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ 2015 സെപ്റ്റംബര്‍ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച എല്ലാ ഭൂപതിവ് ചട്ടവും നിയമവും അനുസരിച്ച് പതിച്ച് നല്‍കിയ എല്‍.എ പട്ടയഭൂമികളില്‍ ഇത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കാനാണ് റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തിയത്.

1960ലെ ഭൂപതിവ് നിയമവും 1964 ലെ ചട്ടവും പ്രകാരവും  1971ലെ സ്വകാര്യവന(നിക്ഷിപ്തവും കൈമാറ്റവും) നിയമമനുസരിച്ചും നല്‍കിയ ഭൂമിയിലും പുതിയ ഉത്തരവ് പ്രകാരം ഖനനം നടത്താനാകും. നേരത്തെ നിയമാനുസൃത അനുമതി ലഭിക്കുകയും പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതുമായ ക്വാറി, ക്രഷര്‍, മറ്റ് അനുബന്ധ യൂനിറ്റുകള്‍ എന്നിവ തുടര്‍ന്ന് നടത്താനും ഉത്തരവിലൂടെ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തുന്നു. ജില്ലകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാനുമാവും.
1964 ലെ കേരള ഭൂപതിവ് ചട്ടം-നാല് പ്രകാരം പതിച്ചുകിട്ടിയ ഭൂമി കൃഷിആവശ്യങ്ങള്‍ക്കോ വീട് നിര്‍മിക്കാനോ അനുബന്ധപ്രവൃത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാവൂയെന്നും ക്വാറി ക്രഷര്‍ അനുബന്ധ യൂനിറ്റുകള്‍ നടത്താന്‍ അനുമതിയില്ളെന്നും നിയമ വകുപ്പ് ഒക്ടോബര്‍ ഏഴിന് സര്‍ക്കാറിനെ അറിയിച്ചിരുന്നു.

ചട്ടത്തിനുവിരുദ്ധമായി ഭൂമി ഉപയോഗിച്ചാല്‍ പട്ടയം റദ്ദുചെയ്യാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. 1971ലെ കേരള സ്വകാര്യവന(നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും) നിയമചട്ടപ്രകാരം സ്വകാര്യവനങ്ങള്‍ കൃഷിക്കും ഇതര  ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെങ്കിലും ക്വാറി നടത്താന്‍ ഇതിലെ മൂന്നാം ചട്ടം അനുവദിക്കുന്നില്ല. കൃഷിയോഗ്യമായ വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍-മൂന്ന് പ്രകാരവും ഇത്തരം ഭൂമി കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും നിയമവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ എ.ജിയുടെ അഭിപ്രായം തേടാനും നിര്‍ദേശിച്ചു.

എന്നാല്‍, ചട്ടം ഭേദഗതി ചെയ്യാതെ എക്സിക്യൂട്ടിവിന്‍െറ ഉത്തരവ് മാത്രം മതിയെന്ന റിപ്പോര്‍ട്ടാണ് എ.ജി നല്‍കിയത്. ഇതോടെയാണ് ക്വാറി നടത്തിപ്പുകാര്‍ക്ക് അനുകൂലമായ ഉത്തരവിന് കളമൊരുങ്ങിയത്.  അതേസമയം, നിയമവശം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ ഉത്തരവ് റദ്ദാവുന്ന സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.