വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രക്ക് തുടക്കം

കാസര്‍കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്ക് കാസര്‍കോട് തുടക്കമായി. രാവിലെ ഒമ്പതരക്ക് മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് ദീപം പകർന്നാണ് യാത്ര ആരംഭിച്ചത്.

സമത്വമുന്നേറ്റ യാത്ര കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ യാത്ര ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടേത് സവർണജാഥയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് വെള്ളാപ്പള്ളി മറുപടി നൽകി. എസ്.എന്‍.ഡി.പിക്ക് ശക്തിയുള്ളത് കൊണ്ടാണ് യാത്രയെ സി.പി.എം എതിർക്കുന്നതെന്നും ഈ എതിർപ്പ് വകവെക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇതിനിടെ, വെള്ളാപ്പള്ളിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ കാസർകോട് ഗസ്റ്റ് ഹൗസിൽ രാവിലെ കൂടിക്കാഴ്ച നടത്തി. സമത്വമുന്നേറ്റ യാത്രക്ക് ആശംസ നേരാൻ വന്നതാണെന്ന് മുരളീധരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യാത്രയിൽ ബി.ജെ.പി പങ്കാളിയല്ല. ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിലും ബി.ജെ.പി പങ്കെടുക്കില്ലെന്നും മുരളീധരൻ അറിയിച്ചു. ക്ഷേത്രത്തിൽ നടന്ന പൂജാകർമങ്ങളിൽ വെള്ളാപ്പള്ളിയോടൊപ്പം വി. മുരളീധരനും പങ്കെടുത്തു. 

വൈകീട്ട് മൂന്നിന് കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ പേജാവാര്‍ മഠാധിപതി വിശ്വേശ്വര തീര്‍ഥ, ശിവഗിരി മഠം സ്വാമി ശാരദാനന്ദ, കുളത്തൂര്‍ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി, അമൃതാനന്ദമയി മഠം സ്വാമി അമൃത കൃപാനന്ദപുരി, ശ്രീരാമകൃഷ്ണ ആശ്രമം സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്റ്റ്യ ആശ്രമം സ്വാമി ഗോരഖ് നാഥ്, തീര്‍ഥങ്കര ആശ്രമം സ്വാമി പ്രേമാനന്ദ എന്നിവര്‍ ചേർന്ന് ഭദ്രദീപം കൊളുത്തി യാത്രയുടെ  ഔദ്യോഗിക ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും.

യാത്രയിലുടനീളം ഭൂമി, വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഇല്ലാത്ത കുടുംബങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.