രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ കാലം ആഴക്കടലില്‍ തള്ളും –വെള്ളാപ്പള്ളി

കാസര്‍കോട്: മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റുതിരുത്തിയില്ളെങ്കില്‍ കാലം  അവരെ ആഴക്കടലില്‍ തള്ളുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മധൂര്‍ സിദ്ദി വിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ പരാധീനതകളുമായി മുന്നോട്ടുവരുമ്പോള്‍ അത് ജാതി രാഷ്ട്രീയമായി അവഹേളിക്കുകയും മറ്റുള്ളവര്‍ രംഗത്തത്തെുമ്പോള്‍ അത് നീതി രാഷ്ട്രീയവുമായി കാണുന്നത് ശരിയല്ല.

ഭൂരിപക്ഷസമുദായ പ്രതിനിധികളെ പങ്കെടുപ്പിച്ച് സമത്വമുന്നേറ്റ യാത്ര പ്രഖ്യാപിച്ചതുമുതല്‍ ഇരുമുന്നണികളും തങ്ങളെ വട്ടമിട്ട് കടന്നാക്രമിക്കുകയാണ്. ഭൂരിപക്ഷസമുദായത്തിന്‍െറ കണ്ണീരു കുടിച്ചതല്ലാതെ കണ്ണീരൊപ്പാന്‍ കേരളത്തില്‍ അധികാരത്തിലത്തെിയ ഇരുമുന്നണികളും എന്താണ് ചെയ്തത്. കേരളത്തില്‍ അധികാരത്തിലിരുന്നവര്‍ വികസനങ്ങള്‍ കോട്ടയത്തേക്കും മലപ്പുറത്തേക്കും കൊണ്ടുപോകാനാണ് മത്സരിച്ചത്. വോട്ടുകുത്ത് യന്ത്രങ്ങളായ ജനങ്ങളെ മറന്ന് അധികാരത്തിലത്തെിയ ഇടതു വലതു മുന്നണികള്‍  ഭൂരിപക്ഷസമുദായത്തിന് ദാരിദ്ര്യമാണ് പങ്കിട്ടുതന്നത്. പാട്ടകാലാവധി കഴിഞ്ഞ മൂന്നരലക്ഷം ഏക്കര്‍ സ്ഥലം പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കാന്‍ അധികാരത്തിലത്തെിയവര്‍ ഒന്നും ചെയ്തില്ല.

 സി.പി.എമ്മിനെ പോലെ 51ഓ 61ഓ വെട്ടുകള്‍ വെട്ടുന്നതല്ല, സ്നേഹം നല്‍കുന്നതാണ് എസ്.എന്‍.ഡി.പിയുടെ ശൈലി. ഭൂരിപക്ഷ സമുദായത്തിലെ 52 ശതമാനം പേരും ഇന്നും ദാരിദ്ര്യരേഖക്ക് താഴെയാണ്. മുസ്ലിംകള്‍ 12 ശതമാനവും ക്രിസ്ത്യാനികളില്‍ ഒമ്പത് ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണ്. 1946ല്‍ 65 ശതമാനമായിരുന്ന ഭൂരിപക്ഷ സമുദായം 2010 ആയപ്പോഴേക്കും 55 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും സന്താനനിയന്ത്രണവും ഭൂരിപക്ഷ സമുദായത്തിന്‍െറ ജനസംഖ്യ കുറയാനിടയാക്കി. ആദ്യം നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നു പറഞ്ഞു. പിന്നീടത് നാം ഒന്ന് നമുക്ക് ഒന്ന് എന്ന നിലയിലത്തെി. ഇതെല്ലാം അംഗീകരിച്ച ഭൂരിപക്ഷ സമുദായത്തിന് നേരെ എതിരായാണ് ന്യൂനപക്ഷങ്ങള്‍ നിലകൊണ്ടത്. അതുകൊണ്ട് തന്നെ അവരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിലുള്ളവര്‍ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമത്വമുന്നേറ്റ യാത്ര മറ്റ് സമുദായങ്ങള്‍ക്കൊന്നും എതിരല്ല. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പെട്ടവരും നമ്മുടെ സഹോദരങ്ങളാണ്. എന്നാല്‍, ഭൂരിപക്ഷമായ തങ്ങളുടെ  ആവശ്യങ്ങള്‍ നേടിയെടുക്കാനും സംഘടിക്കേണ്ടത് ആവശ്യമായി മാറിയ സാഹചര്യത്തിലാണ് സമത്വമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നതെന്ന്  വെള്ളാപ്പള്ളി പറഞ്ഞു.

കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതൃത്വം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍െറ സമത്വ മുന്നേറ്റ യാത്രയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതൃത്വം. എസ്.എന്‍.ഡി.പിയുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ചുള്ള വെള്ളാപ്പള്ളി നടേശന്‍െറ സമത്വ മുന്നേറ്റ യാത്രയെ കേരളീയ സമൂഹം തള്ളിക്കളയുമെന്നതില്‍ സംശയമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ.എസ്.എസ് അജണ്ട നടപ്പാക്കാന്‍ വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുന്ന പരിപാടിയാണ് സമത്വമുന്നേറ്റ യാത്രയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും വ്യക്തമാക്കി. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുഹമ്മദ് അബ്ദുറഹ്മാന്‍ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ശ്രീനാരായണ ഗുരു ജാതിക്കും വിഭാഗീയതക്കും എതിരെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്ത മഹാപുരുഷനാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജാതിവ്യവസ്ഥക്ക് അതീതമായ മതേതര സ്വപ്നമായിരുന്നു ഗുരുവിന്‍േറത്. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തന ശൈലിയും അതിലൂന്നിയുള്ളതായിരുന്നു. എന്നാല്‍, ഇന്നത്തെ യോഗനേതൃത്വം ഗുരുവിന്‍െറ ആശയങ്ങളില്‍നിന്ന് വിഭിന്നമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഗുരുവിന്‍െറ കാഴ്ചപ്പാടുകള്‍ക്ക് വ്യത്യസ്തമായ ആശയങ്ങളെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പാവപ്പെട്ടവരെ സഹായിക്കാത്ത വെള്ളാപ്പള്ളി സമത്വവാദവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ജനാധിപത്യ കേരളത്തെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയുടെ നടത്തിപ്പുകാരനായി വെള്ളാപ്പള്ളി മാറി. ശ്രീനാരായണ ധര്‍മം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ ആര്‍.എസ്.എസ് ഉള്‍പ്പെടുന്ന സംഘ്പരിവാറിന്‍െറ അധര്‍മം നടപ്പാക്കുന്നവരായി മാറിയിരിക്കുന്നു. യഥാര്‍ഥത്തില്‍ വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര ശ്രീനാരായണ ധര്‍മവിരുദ്ധ യാത്രയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശംസയുമായി വി. മുരളീധരന്‍
കാസര്‍കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തിലുള്ള സമത്വമുന്നേറ്റ യാത്രക്ക് ആശംസയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ കാസര്‍കോട്ടത്തെി. രാവിലെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തിലത്തെിയാണ് വി. മുരളീധരന്‍ വെള്ളാപ്പള്ളി നടേശന് ആശംസകള്‍ അറിയിച്ചത്.  യാത്രയുടെ ഉദ്ഘാടന സമാപന പരിപാടികളിലൊന്നും ബി.ജെ.പി നേതാക്കളാരും പങ്കെടുക്കുന്നില്ല. യാത്ര ഹിന്ദു ഐക്യത്തിന് സഹായകമാകുമെന്ന് മുരളീധരന്‍ പറഞ്ഞു. കൊല്ലത്ത് ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന കാര്യവും വി. മുരളീധരന്‍ ക്ഷേത്രത്തില്‍ നടന്ന കൂടിക്കാഴ്ചക്കിടെ വെള്ളാപ്പള്ളി നടേശനെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.