കോഴിക്കോട്: വ്യാഴാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് പാളയത്തെ മാൻഹോൾ അപകടത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. കരാർ കമ്പനിയായ ശ്രീറാം ഇ.പി.സിയുടെ ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് മാനേജർ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജർ സെൽവകുമാർ, സുരക്ഷാ ഓഫിസർ അലോക് ആന്‍റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന:പൂർവമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.
അതേസമയം, അപകടത്തിൽ മരിച്ച നൗഷാദിന്‍റെ വീട് സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പാളയത്തിനടുത്ത് കണ്ടംകുളം ക്രോസ്റോഡില്‍ ജയ ഓഡിറ്റോറിയത്തിനു മുന്നിലെ അഴുക്കുചാലിന്‍റെ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ രണ്ടു തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഓട്ടോഡ്രൈവറുമാണ് മാൻഹോളിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ആന്ധ്ര വെസ്റ്റ് ഗോദാവരി സ്വദേശികളായ നരസിംഹം (41), ഭാസ്കര്‍ (42) എന്നിവരും ഓട്ടോഡ്രൈവറായ കോഴിക്കോട് കരുവിശ്ശേരി മേപ്പക്കുടി നൗഷാദും (33) ആണ് മരിച്ചത്.
യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വിഷവാതകമുള്ള അഴുക്കുചാലില്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മുന്‍കരുതലൊന്നും ഇവര്‍ എടുത്തിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡം പാലിക്കാതെ തൊഴിലാളികളെ മാന്‍ഹോളിലിറക്കിയ ചെന്നൈ ആസ്ഥാനമായ ശ്രീറാം ഇ.പി.സി എന്ന കമ്പനിക്കെതിരെ പൊലീസ് വ്യാഴാഴ്ച തന്നെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.