ഒന്നാം മാറാട് കേസ്​: 12 പ്രതികളുടെ ശിക്ഷ ഹൈകോടതി റദ്ദാക്കി

കൊച്ചി: ഒന്നാം മാറാട് കലാപത്തിന്‍െറ ഭാഗമായി തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ട കേസില്‍ കീഴ്കോടതി ശിക്ഷിച്ച 14ല്‍ 12 പേരെ ഹൈകോടതി വെറുതെവിട്ടു. അതേസമയം, രണ്ട് പേരുടെ ജീവപര്യന്തം കഠിന തടവ് ശരിവെച്ചു. നാലാം പ്രതി തെക്കേതൊടി ഷാജി, 12ാം പ്രതി ഈച്ചരൻറപുരയില്‍ ശശി എന്നിവര്‍ക്ക് മാറാട് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ജസ്റ്റിസ് സി. ടി രവികുമാര്‍, ജസ്റ്റിസ് കെ. പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്.

ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന്,  അഞ്ച്, ഏഴ്, ഒമ്പത്, പത്ത്, 11, 14 പ്രതികളായ കോരൻറകത്ത് വീട്ടില്‍ വിപീഷ്,  ചോയിച്ചൻറകത്ത് രഞ്ജിത്ത്, കേലപ്പൻറകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍, തെക്കേത്തൊടി ബിജേഷ്, ആവത്താന്‍പുരയില്‍ പ്രഹ്ളാദന്‍, കേലപ്പൻറകത്ത് രാജേഷ്, അരയച്ചൻറകത്ത് മണികണ്ഠന്‍, അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട മാറാട് അരയസമാജം മുന്‍സെക്രട്ടറി തെക്കേത്തൊടി സുരേശന്‍ എന്ന ടി. സുരേഷ്, ആറാം പ്രതി ചോയിച്ചൻറകത്ത് കലേശ് എന്ന കൃഷ്ണകുമാര്‍, 13ാം പ്രതി ചെറിയപുരയില്‍ വിനോദ്, 15ാം പ്രതി തെക്കേത്തൊടി വീട്ടില്‍ വിജിത്ത്, മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ട തെക്കേത്തൊടി ശ്രീധരന്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ 14 പേര്‍ക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നത്.

ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും നാല് പേര്‍ക്ക് അഞ്ച് വര്‍ഷവുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ട 14 പ്രതികളും അപ്പീലുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മൊത്തം 15 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ എട്ടാംപ്രതി കോരൻറകത്ത് വീട്ടില്‍ സുമേഷിനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

2002 ജനവരി നാലിനാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി പോകുന്നതിനിടെ പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ ചുമത്തിയ  കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് 12 പേരെ കുറ്റവിമുക്തരാക്കി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്. കൃത്യം നടക്കുമ്പോള്‍ പ്രതികളെ കണ്ടുവെന്ന് പറയുന്ന സാക്ഷികള്‍ നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല 12 പേരെ ശിക്ഷിച്ച് കീഴ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തെളിവുകളെന്ന നിലയിലുള്ള കീഴ്കോടതി കണ്ടത്തെലുകള്‍ വിശ്വസനീയമല്ല. ഈ സാഹചര്യത്തിലാണ് സംശയത്തിന്‍െറ ആനുകൂല്യം നല്‍കി 12 പേരെ വിട്ടയച്ചത്. 

അതേസമയം, നാലും 12ഉം പ്രതികള്‍ക്കെതിരെ സംശയത്തിനിടയില്ലാത്ത വിധം കുറ്റം തെളിയിക്കാനായിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വാളില്‍ കണ്ടെത്തിയ രക്തക്കറയുടെ സാമ്പിള്‍ പരിശോധനയില്‍ അവ നാലും 12ഉം പ്രതികളുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 12ാം പ്രതിയുടെ മുടിയും പിടിച്ചെടുത്ത ആയുധത്തില്‍ നിന്ന് കണ്ടെത്തി. മാറാട് പ്രത്യേക കോടതി വിധിക്ക് ശേഷം ഒന്ന്, 13, 15 പ്രതികള്‍ ജാമ്യത്തിലും മറ്റ് പ്രതികള്‍ ചീമേനി തുറന്ന ജയിലിലും കഴിഞ്ഞു വരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.