പ്രിയങ്കയുടേയും വിജയരാഘവന്‍റെയും മുന്നിലും പിന്നിലും വർഗീയ ശക്തികൾ -കെ. സുരേന്ദ്രൻ

തൃശൂർ: പ്രിയങ്ക ഗാന്ധിയുടെ മുന്നിലും പിന്നിലും മാത്രമല്ല എ. വിജയരാഘവന്റെയും മുന്നിലും പിന്നിലും ഉള്ളതും വർഗീയ ശക്തികൾ തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് വർഗീയ ശക്തികൾ ആണെന്നത് പുതിയ ഒരു കാര്യമല്ല. വിജയരാഘവന് ഇപ്പോൾ എന്താണ് പുതിയൊരു വെളിപാട് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാമെന്നും തൃശൂരിൽ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയരാഘവന്റെ പാർട്ടി പി.ഡി.പിയുമായും ഐ.എൻ.എല്ലുമായും പരസ്യ സഖ്യം ഉള്ളവരാണ്. പോപ്പുലർ ഫ്രണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇവർ സഖ്യം ഉണ്ടാക്കിയിരുന്നു. യു.ഡി.എഫ് ആവട്ടെ മുസ്ലിം ലീഗുമായും എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും പരസ്യ സഖ്യത്തിൽ ആണ്. സി.പി.എമ്മിന് ഭൂരിപക്ഷ സമുദായത്തിന്റെ ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാൻ വേണ്ടിയാണ് വിജയരാഘവനെ പോലെയുള്ളവർ ഇത്തരം വെടികൾ പൊട്ടിക്കുന്നത്. ഇതിനൊന്നും പാർട്ടിയുടെ ഔദ്യോഗിക പിന്തുണ ലഭിക്കുകയില്ല.

മെക് സെവനെതിരെ കോഴിക്കോട് ജില്ല സെക്രട്ടറി വലിയ പ്രതികരണം നടത്തി. എന്നാൽ സി.പി.എം തന്നെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതിനാൽ ജില്ല സെക്രട്ടറിക്ക് 24 മണിക്കൂർ കൊണ്ട് മലക്കം മറക്കേണ്ടി വന്നു. മുഹമ്മദ് റിയാസും സംഘവും ആണ് ഇതിനെല്ലാം പിന്നിൽ. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം അവരുടെ കേഡർമാരെ എങ്ങനെയെല്ലാം സഖാക്കൾ ആക്കി മാറ്റാം എന്നാണ് സി.പി.എം ശ്രമിക്കുന്നത്. കൊല്ലത്തും ആലപ്പുഴയിലും സി.പി.എമ്മിൽ കണ്ട വിഭാഗീയതയുടെ മൂലകാരണം ഇതുതന്നെയാണ്. പി.എഫ്.ഐ അണികളെ പാർട്ടിയിൽ എത്തിക്കാനാണ് ലീഗും സി.പി.എമ്മും മത്സരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ വഞ്ചിക്കാനുള്ള ഒരു കള്ളത്തരം മാത്രമാണ് സി.പി.എമ്മിന്റെ മതനിരപേക്ഷത. വർഗീയശക്തികളോട് എന്ത് നിലപാട് എടുക്കണം എന്ന് പോലും സി.പി.എമ്മിന് ധാരണ ഇല്ലാതായിരിക്കുന്നു. വലിയ ആശയ പാപ്പരത്തമാണ് സി.പി.എം നേരിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Communal forces in front and behind Priyanka and Vijayaraghavan -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.