തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വര്‍ഗീയ വിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടു മത്സരിക്കാന്‍ തന്നെ വെളളാപ്പളളി തീരുമാനിച്ച മട്ടാണെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. മരണത്തോടു മല്ലിടുന്ന രണ്ടു പാവങ്ങളെ രക്ഷിക്കാന്‍ രണ്ടുവട്ടം ആലോചിക്കാതെ തുനിഞ്ഞിറങ്ങിയ നൗഷാദിനെക്കുറിച്ചു വെളളാപ്പളളിയുടെ നാവില്‍ നിന്നു വീണ വാചകങ്ങള്‍ വര്‍ഗീയത മാത്രമല്ല, മനുഷ്യത്വരഹിതവും കൂടിയാണ്. നന്മ ചെയ്തവരെ അഭിനന്ദിക്കുന്നതിനു മുമ്പ് അവരുടെ ജാതിയും മതവുമെല്ലാം അന്വേഷിക്കണമെന്നാണോ വെളളാപ്പളളി പറയുന്നതെന്ന് ഐസക്ക് ചോദിച്ചു. മനുഷ്യന്‍ ഇങ്ങനെ അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്ത് –കോടിയേരി
മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങലക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വര്‍ഗീയവിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടും ശിവസേനയോടും മത്സരിക്കുകയാണ് വെള്ളാപ്പള്ളി.
നൗഷാദിന്‍െറ കുടുംബത്തിന് സഹായം നല്‍കുന്നത് മുസ്ലിമായതുകൊണ്ടാണെന്നും മുസ്ലിമായി മരിക്കാന്‍ കൊതിക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ കേരളീയ സംസ്കാരത്തെ അപമാനിക്കുന്നതാണ്. അന്യരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഒരു മാതൃകാജീവിതത്തെ അപഹസിച്ചതിലൂടെ മനുഷ്യസ്നേഹമെന്ന വികാരത്തെയാണ് വെള്ളാപ്പള്ളി മലിനമാക്കിയതെന്നും കോടിയേരി പറഞ്ഞു.
വെള്ളാപ്പള്ളിക്ക് തൊഗാഡിയയുടെ ഭാഷ –ടി.വി. രാജേഷ്
ആലപ്പുഴ: ശ്രീനാരായണസൂക്തങ്ങള്‍ പറയേണ്ട വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ. നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്ന തരത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണം. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ക്യാമ്പില്‍ ചേക്കേറിയ വെള്ളാപ്പള്ളിക്ക് ശ്രീനാരായണദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ അവകാശമില്ല. കടുത്ത വര്‍ഗീയതയാണ് വെള്ളാപ്പള്ളി ജാഥയിലുടനീളം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.