തിരുവനന്തപുരം: ബാർ കോഴ കേസിൽ അഭിപ്രായ പ്രകടനം നടത്തിയ പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എം.ഡി ഡി.ജി.പി ജേക്കബ് തോമസിന് ഐ.പി.എസ് അസോസിയേഷൻ യോഗത്തിൽ രൂക്ഷ വിമർശം. ഐ.പി.എസുകാർ സംസാരിക്കുമ്പോൾ അന്തസും മാന്യതയും പുലർത്തണമെന്നും നിലവാരം തകരുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാകരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
ബാർ കോഴ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശത്തിന് വിധേയനായ വിജിലൻസ് വകുപ്പ് മേധാവി വിൻസൻ എം. പോളിന് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ബാർ കോഴ കേസിലെ വിജിലൻസ് കോടതി വിധിയെ തുടർന്നുളള സംഭവ വികാസങ്ങൾ ചർച്ച ചെയ്യാനാണ് ഐ.പി.എസ് അസോസിയേഷൻ പൊലീസ് ആസ്ഥാനത്ത് അടിയന്തരയോഗം ചേർന്നത്.
ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍റെ പ്രസ്താവനയോട് താനും ഐ.പി.എസുകാരനാണെന്ന് വിജിലൻസ് മുൻ അഡീഷനൽ ഡയറക്ടർ കൂടിയായ ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. കൂടാതെ കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട വേളയില്‍ സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.