തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒന്നുമുതല്‍ രണ്ട് ഡിഗ്രി വരെ ചൂട് വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ ചൂട് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പെസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസം തുടരുന്നതും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ചൂട് കാറ്റ് വീശുന്നതുമാണ് താപനില ഉയരാന്‍ കാരണം.
സാധാരണ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് മാര്‍ച്ച് മുതലാണെങ്കില്‍ ഇത്തവണ ഫെബ്രുവരിയിലേ കനത്ത ചൂടുണ്ട്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ചൂട് കാറ്റ് വീശുന്നതാണ് ചൂട് കുറയാതിരിക്കാനുള്ള കാരണം. നേരത്തേ ഈ സാഹചര്യമുണ്ടാകുമ്പോള്‍ പാലക്കാട്ടും പുനലൂരുമായിരുന്നു കനത്ത ചൂട് അനുഭവപ്പെടാറുള്ളതെങ്കില്‍ ഇത്തവണ അത് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗത്തേക്കും നീങ്ങി. പാലക്കാടാണ് ഉയര്‍ന്ന ചൂട് (39.2 ഡിഗ്രി സെല്‍ഷ്യസ്) കോഴിക്കോട് 38ഉം കണ്ണൂരില്‍ 37.2 ഡിഗ്രിയുമാണ്.
മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ ഒന്നുവരെ 28 ശതമാനം മഴയുടെ കുറവാണുള്ളത്. 32.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 23.3 മില്ലിമീറ്റര്‍ മാത്രമാണ് പെയ്തത്. ഈ സീസണില്‍ കാസര്‍കോട്ട് മഴ ലഭിച്ചതേയില്ല. കണ്ണൂരും എറണാകുളത്തും 90 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. മലപ്പുറത്ത് 83ഉം പാലക്കാട്ട് 81ഉം ശതമാനം കുറവാണുള്ളത്. തൃശൂര്‍ -65, തിരുവനന്തപുരം -48, ആലപ്പുഴ -ഒന്ന്, ഇടുക്കി -43, കൊല്ലം -ഒമ്പത്, പത്തനംതിട്ട -ഏഴ് , വയനാട് -30 ശതമാനം എന്നിങ്ങനെയാണ് മഴ കുറഞ്ഞത്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്തും കോഴിക്കോട്ടുമാണ്. കോട്ടയത്ത് 69ഉം കോഴിക്കോട് 85ഉം ശതമാനം അധികമഴ ലഭിച്ചു.
39 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളിലുള്ളത്. വെള്ളത്തിന്‍െറ ലഭ്യത അനുസരിച്ച് 1628.91 ദശലക്ഷം യൂനിറ്റ് വൈദ്യുതികൂടി ഉല്‍പാദിപ്പിക്കാനേ സാധിക്കൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 409 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിക്കാവുന്ന വെള്ളത്തിന്‍െറ കുറവാണുള്ളത്. ഇടുക്കി ഡാം -35, പമ്പ-കക്കി -48, ഷോളയാര്‍ -45, ഇടമലയാര്‍ -33, മാട്ടുപ്പെട്ടി -59 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച ഉണ്ടായത്. 76.74 ദശലക്ഷം യൂനിറ്റാണ് എരിച്ചുതീര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.