ക്ഷേത്രോത്സവങ്ങള്‍ക്ക് ആന അനിവാര്യമാണോയെന്ന് തന്ത്രിമാരോട് ഹൈകോടതി

കൊച്ചി: ക്ഷേത്രോല്‍സവങ്ങള്‍ക്ക് ആനകളെ അണി നിരത്തേണ്ടത് ആചാരപരമായി അനിവാര്യമാണോയെന്ന് ഹൈകോടതി. അക്രമകാരികളാകുന്ന ആനകള്‍ മനുഷ്യ ജീവന്‍ കുരുതി കഴിക്കുന്ന സംഭവങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഇത്തരം അനുഷ്ഠാനങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോയെന്ന് വിവിധ ദേവസ്വങ്ങളുമായി ബന്ധപ്പെട്ട തന്ത്രിമാര്‍ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
ആന പരിപാലനവുമായി ബന്ധപ്പെട്ട് മുമ്പ് കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിവിധ ദേവസ്വം ബോര്‍ഡുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും തന്ത്രിമാരുടെ അഭിപ്രായം ഇതോടൊപ്പം നല്‍കാനുമാണ് ഡിവിഷന്‍ബെഞ്ചിന്‍െറ നിര്‍ദേശം.
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഉത്സവങ്ങള്‍ക്ക് അണി നിരത്തുന്നതുമായ ആനകളെ ക്ഷേത്രാധികാരികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ളെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ വിവിധ ഹരജികള്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.   
ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആന പരിപാലന കേന്ദ്രം സംബന്ധിച്ച്  മൂന്ന് ഉത്തരവുകളിലൂടെ വിശദീകരണം തേടിയിട്ടും പ്രതികരിക്കാതിരുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.  ഈ കേസ് അടുത്ത തവണ പരിഗണിക്കുന്നതിന് മുമ്പ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിക്കണമെന്നും അല്ലാത്ത പക്ഷം വിഷയം ഗൗരവത്തോടെ കാണുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ആന പരിപാലനവുമായി ബന്ധപ്പെട്ട് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളും കൂടല്‍ മാണിക്യം ദേവസ്വവും നിലപാട് വ്യക്തമാക്കണം. ആനകളുടെ ഉപയോഗവും അവയുടെ സംരക്ഷണവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വങ്ങളുടെ നിലപാട് വൈകുന്തോറും ആനകളുടെ ആരോഗ്യ സംരക്ഷണവും ജീവിത സാഹചര്യം മെച്ചപ്പെടുത്തലും സംബന്ധിച്ച നടപടി നിര്‍ദേശങ്ങളും വൈകാനിടയാവും. ആനകള്‍ക്ക് വോട്ടവകാശം ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരിഗണിക്കാതെ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡുകളും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതി നിയോഗിച്ച അമിക്കസ്ക്യുറി സീനിയര്‍ അഭിഭാഷകന്‍ ഗോവിന്ദ് ഭരതന്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. ഹരജി മേയ് 25ന് പരിഗണിക്കാനായി മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.