കൊച്ചി: മദ്യവര്‍ജനമല്ല, മദ്യനിരോധം ലക്ഷ്യമാക്കിയുള്ള നിയന്ത്രണം നയമായി പ്രഖ്യാപിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാഷ്ട്രീയ മുന്നണികളോട് ആവശ്യപ്പെട്ടു. മദ്യം ഫലപ്രദമായി നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യാന്‍ സര്‍ക്കാറിനാണ് അധികാരം. അക്കാര്യത്തില്‍ എന്തുചെയ്യുമെന്ന് പറയുന്നതാണ് മദ്യനയം. അതാണ് രാഷ്ട്രീയ മുന്നണികള്‍ വ്യക്തമാക്കേണ്ടത്. മദ്യനയം സംബന്ധിച്ച് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും നിലപാട് നോക്കിയാണ് ജനം വോട്ടുചെയ്യുക. മദ്യനയം തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. കേരളത്തില്‍ മദ്യലഭ്യത കുറയണം. ഉപയോഗം കുറയണം. ഈ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കുന്ന ഏത് നയത്തെയും കെ.സി.ബി.സി മദ്യവിരുദ്ധസമിതി പിന്തുണക്കുമെന്നും യോഗം വ്യക്തമാക്കി.
പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആന്‍റണി ജേക്കബ്, സ്റ്റെല്ല ജോസി, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
മദ്യവര്‍ജന നയം കപടതന്ത്രം –മദ്യനിരോധന സമിതി
തലശ്ശേരി: മദ്യവര്‍ജന നയം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കപട തന്ത്രമാണെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടം.
സുപ്രീംകോടതിയും പൊതുജനങ്ങളും അംഗീകരിച്ച മദ്യനിരോധ നയം സംസ്ഥാനത്ത് തുടരണമെന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയ കക്ഷികള്‍ ഇതംഗീകരിച്ച് തങ്ങളുടെ പ്രകടനപത്രികയില്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനിരോധ നയത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ ബാലറ്റിലൂടെ ജനം പ്രതിരോധിക്കും. മദ്യനിരോധ നടപടികളിലൂടെ ബഹുദൂരം മുന്നേറിയ സംസ്ഥാനത്ത് മദ്യവര്‍ജന നയത്തിന് ഇനി പ്രസക്തിയില്ല. നിരോധം പരാജയമാണെന്ന മദ്യലോബിയുടെയും നിക്ഷിപ്ത താല്‍പര്യക്കാരായ ചില രാഷ്ട്രീയ കക്ഷികളുടെയും കപട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധം. സംസ്ഥാനത്ത് നാലുപതിറ്റാണ്ടിലേറെയായി ഈ ലക്ഷ്യത്തിനുവേണ്ടി പോരാട്ടം നടത്തിയ കേരള മദ്യനിരോധന സമിതി, മദ്യനിരോധ നയത്തെയാണ് പിന്തുണക്കുന്നത് -ഫാ. തൈത്തോട്ടം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.