കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ അഞ്ച് ദേവസ്വം ഭാരവാഹികള്‍ കീഴടങ്ങി. പ്രസിഡന്‍റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരൻ പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയത്.
പത്താം തീയതിയുണ്ടായ ദുരന്തത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികൾ ഒളിവിൽ പോയിരുന്നു. തിങ്കളാഴ്ച രാത്രി 11ഓടെ പരവൂർ വർക്കല കാപ്പിൽ ക്ഷേത്രത്തിന് സമീപത്തുവെച്ച് സിറ്റി പൊലീസ് കമീഷണറുടെ സ്‌ക്വാഡാണ് ഭാരവാഹികളെ കണ്ടെത്തിയത്. ഇവരെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റി.
ദേവസ്വം ഭാരവാഹികളില്‍ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് പത്തു പേരെ കൂടി പിടികൂടാനുണ്ട്. നരഹത്യക്കും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹികൾ, വെടിക്കെട്ടിന്‍റെ ലൈസൻസി എന്നിവർക്കെതിരെ കേസെടുത്തത്.
കരാറുകാരിൽ ഒരാളായ സുരേന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.