തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ തിരിച്ചറിയാനാവാതെ വികൃതമായ മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന ആരംഭിച്ചു. കൊല്ലത്തും തിരുവനന്തപുരത്തുമായി 13 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് മൃതദേഹങ്ങളാണ് ഇങ്ങനെയുള്ളത്. ഡി.എന്‍.എ ഫലം ലഭിക്കാന്‍ ഒരാഴ്ചയോളമെങ്കിലും എടുക്കും. പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബിലും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലുമാണ് ഡി.എന്‍.എ പരിശോധനാ സൗകര്യമുള്ളത്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചിരിക്കുന്നത്.
പിതാവ്, മാതാവ്, മക്കള്‍, രക്തബന്ധുക്കള്‍ എന്നിവരുടെ ഡി.എന്‍.എകള്‍ തമ്മില്‍ സാമ്യമുണ്ടാകും. ഇത് ആധാരമാക്കിയാണ് പരിശോധന നടത്തുന്നത്. ഏറ്റവുമടുത്ത രക്തബന്ധുവിന്‍െറ രക്തമാണ് ഡി.എന്‍.എ പരിശോധനക്ക് അയക്കുന്നത്. പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന കോശത്തിനകത്തെ ജനിതകസ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. ഇത് ഓരോ കോശത്തിലെയും ന്യൂക്ളിയസിലാണ് കാണുന്നത്. ഈ സ്വഭാവസവിശേഷതകള്‍ പകുതി പിതാവില്‍നിന്നും പകുതി മാതാവില്‍നിന്നുമാണ് മക്കളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്.
മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്തി മജ്ജ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലുമാണ് പരിശോധനക്കെടുക്കുന്നത്. പോസ്റ്റ്മോര്‍ട്ടം സമയത്തുതന്നെ ഇതിന്‍െറ സാമ്പിളുകള്‍ പൊലീസിനെ ഏല്‍പിക്കും. പൊലീസ് ഇത് കോടതി വഴിയാണ് ലബോറട്ടറിയില്‍ അയക്കുന്നത്. മരിച്ചയാളുടെ സാമ്പിളില്‍നിന്ന് ഡി.എന്‍.എ വേര്‍തിരിച്ച്, കാണാതായ എല്ലാവരുടെയും അടുത്ത ബന്ധുക്കളുടെ ഡി.എന്‍.എയുമായി ഒത്തുനോക്കിയാണ് മൃതദേഹം തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.