ഡി.എന്‍.എ പരിശോധന:  ഒമ്പത് മൃതദേഹങ്ങള്‍  തിരിച്ചറിഞ്ഞു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരുടെയും കൊല്ലം സ്വദേശികളായ ആറുപേരുടെയും മൃതദേഹങ്ങളാണ് രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ തിരിച്ചറിഞ്ഞത്. വെഞ്ഞാറമൂട്ടില്‍ ആളുമാറി സംസ്കരിച്ച മൃതദേഹവും തിരിച്ചറിഞ്ഞതില്‍പെടും. 
നിലമേല്‍ കുഴിയോട് ആശാഭവനില്‍ രാജന്‍െറ മകന്‍ അനില്‍കുമാര്‍ (34), വെഞ്ഞാറമൂട് ചെമ്പൂര് മുദാക്കല്‍ ശോഭനിവാസില്‍ സോമന്‍െറ മകന്‍ സാബു (43), പരവൂര്‍ പൂതക്കുളം വടക്കേവിളയില്‍ ചുമ്മാര്‍ (19), പരവൂര്‍ കുറുമണ്ടല്‍ മാറനഴികത്ത് ഗോപിനാഥപിള്ള (56), പരവൂര്‍ കോങ്ങാല്‍ തെക്കേ കായലഴികത്ത് സഫീര്‍ കുട്ടി, കടയ്ക്കല്‍ സന്ധ്യാ വിലാസത്തില്‍ കുട്ടപ്പന്‍ (36), ആറ്റിങ്ങല്‍ കോരാണി ബ്ളോക് നമ്പര്‍ 44ല്‍ സോമന്‍, കഴക്കൂട്ടം ശ്രീനഗര്‍ അനില ഭവനില്‍ അനുലാല്‍ (29), പരവൂര്‍ ഒഴുകുപാറ അനീഷ്ഭവനില്‍ അനീഷ് (30) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 
സാബുവിന്‍െറ മൃതദേഹമാണ് മാറി സംസ്കരിച്ചത്. കമ്പക്കെട്ടിന്‍െറ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍െറ സഹായിയായിരുന്ന വെഞ്ഞാറമൂട് മാമ്മൂട് സ്വദേശി പ്രമോദ് മരിച്ചെന്ന് കരുതിയാണ് സാബുവിന്‍െറ മൃതദേഹം പ്രമോദിന്‍െറ വീട്ടില്‍ കൊണ്ടുവന്ന് സംസ്കരിച്ചത്. പിന്നീട് പ്രമോദ് പരിക്കുകളോടെ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഡി.എന്‍.എ പരിശോധനക്ക് സാമ്പ്ള്‍ അയച്ചത്. അതിലാണ് സാബുവിനെ തിരിച്ചറിഞ്ഞത്.
ഡി.എന്‍.എ പരിശോധനാഫലം സീല്‍വെച്ച കവറില്‍ പൊലീസിന് കൈമാറി. പൊലീസാണ് തിരിച്ചറിഞ്ഞവരുടെ പേരുവിവരം വെളിപ്പെടുത്തിയത്. ഏഴുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ട്. അതില്‍ ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലാണ്. തിരിച്ചറിയാനുള്ള മൃതദേഹങ്ങളില്‍നിന്ന് ഡി.എന്‍.എ പരിശോധനക്ക് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, കാണാതായവരെക്കുറിച്ച്  പരാതിപ്പെട്ടവര്‍ അവരുടെ രക്തസാമ്പിളുകള്‍ നല്‍കാന്‍ തയാറായി വന്നിട്ടില്ല. അതിനാലാണ് പരിശോധനാഫലം വൈകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.