കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ വിമത കൗണ്‍സിലര്‍ പി.കെ. രാഗേഷ് ഉള്‍പ്പെടെ നാലുപേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പുറത്താക്കി. രാഗേഷിന് പുറമെ അഴീക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്് കായക്കൂല്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം.വി. പ്രദീപ് കുമാര്‍, ഇരിക്കൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.ആര്‍. അബ്ദുല്‍ ഖാദര്‍ എന്നിവരെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ്് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രത്യേക തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തതിനാണ് രാഗേഷ്, കായക്കൂല്‍ രാഹുല്‍, പ്രദീപ് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടി. ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചതിനാണ് കെ.ആര്‍. അബ്ദുല്‍ ഖാദറിനെതിരെ നടപടിയെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിന് പി.കെ. രാഗേഷിനെ ആറുവര്‍ഷ¤ത്തേക്ക് പുറത്താക്കിയിരുന്നു. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി തിരിച്ചെടുത്തു. എന്നാല്‍, രാഗേഷ് ഉന്നയിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ചര്‍ച്ച ചെയ്തിട്ടും പരിഹാരമായില്ല.
തന്നെ എത്രയും വേഗം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറാക്കണമെന്നാണ് രാഗേഷ് ആവശ്യപ്പെടുന്നതെന്നും ഈ പദവി ഘടക കക്ഷിയുടേതാണെന്നും ഡി.സി.സി പ്രസിഡന്‍റ്് കെ. സുരേന്ദ്രന്‍ പറഞ്ഞു. അതിനാല്‍ ഇത് നടക്കില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടെന്നും ഇത് ലഭിച്ചെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, തന്നെ പുറത്താക്കിയത് പ്രവര്‍ത്തകരെ പുറത്താക്കുന്ന അസുരനായി പ്രവര്‍ത്തിക്കുന്ന ഡി.സി.സി പ്രസിഡന്‍റിന്‍െറ നീക്കമാണെന്നും ഇതെല്ലാം പ്രവര്‍ത്തകര്‍ കാണുന്നുണ്ടെന്നും പി.കെ. രാഗേഷ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. കണ്ണൂരിലും അഴീക്കോട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നതില്‍ പിന്നോട്ടില്ല. ഇതില്‍ ഒരിടത്ത് താന്‍ മത്സരിക്കും. ഏത് മണ്ഡലമാണെന്നും മറ്റും അടുത്ത ദിവസം യോഗം വിളിച്ച് തീരുമാനിക്കും -രാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.