കണിമംഗലം ശാസ്താവ് എഴുന്നള്ളി; അഞ്ചിന് കുടമാറ്റം

തൃശൂർ: കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്തോടെ 36 മണിക്കൂർ നീളുന്ന തൃശൂർ പൂരത്തിന്‍റെ പ്രധാന ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും വടക്കുനാഥ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങി. 11 മണിയോടെ അന്നമനട പരമേശ്വരൻ മാരാർ നയിക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. തിരുവമ്പാടി ശിവസുന്ദറാണ് തിടമ്പേറ്റുന്നത്. 12 മണിയോടെ പാറമേക്കാവിലമ്മ പാറമേക്കാവ് പദ്മനാഭന്‍റെ പുറത്തേറി എഴുന്നള്ളും.

ലാലൂരിൽ നിന്നുള്ള ഘടകരൂപം
 


ഒന്നരക്കാണ് പ്രശസ്തമായ ഇലഞ്ഞിത്തറമേളം. മേളകുലപതികള്‍ പെരുവനം കുട്ടന്‍മാരാരും ചോറ്റാനിക്കര വിജയന്‍ മാരാരും പാണ്ടി മേളത്തിന് നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് തെക്കേ ഗോപുരം കടന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് വര്‍ണക്കുടകള്‍ ഉയര്‍ത്തും. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ശിവസുന്ദറും പാറമേക്കാവിന്‍റേത് ലക്ഷണമൊത്ത ശ്രീപത്മനാഭനും ഏറ്റും. കുടമാറ്റം കഴിയുമ്പോഴേക്കും രാത്രി പൂരത്തിന് തുടക്കമാകും. ഘടക പൂരങ്ങളെല്ലാം വീണ്ടും വടക്കുന്നാഥനില്‍ എത്തും. ഇവിടെ പാറമേക്കാവിന്‍റെ രാത്രി പഞ്ചവാദ്യം അരങ്ങേറും.

ചൂരക്കാട്ടുകരയിൽ നിന്നുള്ള ഘടകരൂപം
 


പുലര്‍ച്ചെ ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് നടക്കും. പാറമേക്കാവിനെ ചാലക്കുടിക്കാരന്‍ സെബിന്‍ സ്റ്റീഫനും തിരുവമ്പാടിയെ മുണ്ടത്തിക്കോട് സതീശനുമാണ് നയിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുനാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് പരിസമാപ്തിയാകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.