തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തിന്‍െറ തെക്കേഗോപുര നടയിലേക്ക് ജനസാഗരം ഒഴുകുകയായിരുന്നു. പൂരനഗരിയിലെ മാരിവില്ലിന് ഏഴല്ല, എഴുന്നൂറ് വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വര്‍ണക്കുടകളുടെ മാറ്റത്തിന് സാക്ഷികളാകാനുള്ള പ്രയാണം. പൊലീസ് ഒരുക്കിയ കനത്ത സുരക്ഷക്കിടയില്‍ അക്ഷമരായി ജനസാഗരം ചുട്ടുപൊള്ളുന്ന വെയിലിലും കാത്തുനിന്നു, ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ പൂരത്തിലെ സമ്മോഹന വിരുന്നിനായി.ചൂടിന്‍െറ പെരുക്കത്തില്‍ ആവേശം പകര്‍ന്ന് 4.40 ഓടെ വടക്കുന്നാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുരനടയിലൂടെ പാറമേക്കാവ് ഭഗവതി പാറമേക്കാവ് ശ്രീപത്മനാഭന്‍െറ പുറത്തേറി പതിനാലാനകളുടെ അകമ്പടിയോടെ പുറത്തേക്കത്തെിയതോടെ ആവേശം അണപൊട്ടി. അതിന് അകമ്പടിയായി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും. അല്‍പനേരം ആനകള്‍ ഗോപുരനടയില്‍ നിരന്നു.
തുടര്‍ന്ന് സാമ്പിള്‍ പോലെ കുറച്ച് കുടകള്‍ മാറി. അല്‍പസമയത്തിന് ശേഷം തെക്കോട്ടിറക്കം. അതിനിടയില്‍ നിയന്ത്രിക്കാനായി പൊലീസ് കെട്ടിയ കയര്‍ അഴിച്ചതോടെ പൂരപ്രേമികള്‍ ഒന്നടങ്കം മൈതാനത്തിലേക്കിറങ്ങി നിയന്ത്രണങ്ങളുടെ സീമ അലിഞ്ഞില്ലാതായതിന്‍െറ ആഹ്ളാദത്തില്‍ നൃത്തം ചവിട്ടി. ആനകളും ഒപ്പം മേളവും താഴേക്കിറങ്ങി മഹാരാജാവിന്‍െറ പ്രതിമയെ വലംവെച്ച് റോഡില്‍ നിരന്നു. 5.20 ഓടെ തിരുവമ്പാടി ശിവസുന്ദറും മറ്റ് 14 കരിവീരന്‍മാരും വടക്കുന്നാഥന്‍െറ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങി അതിന് മുന്നില്‍ നിരന്നു.
കാത്തിരിപ്പിന് വിരാമമിട്ട് അഞ്ചരയോടെ കുടകള്‍ ഉയര്‍ന്നു. വാദ്യമേളത്തിന്‍െറ താളത്തിനൊപ്പമെന്ന പോലെ ചെവികളാട്ടി ഗജവീരന്‍മാര്‍ ഇളകിയാടി നിന്നു. ആദ്യം തിരുവമ്പാടി വിഭാഗം കുട ഉയര്‍ത്തിയപ്പോള്‍ പാറമേക്കാവ് പ്രതികരിച്ചില്ല. തിരുവമ്പാടിയുടെ രണ്ടും മൂന്നും കുട ഉയര്‍ന്നപ്പോള്‍ പാറമേക്കാവ് വര്‍ണ വൈവിധ്യമുള്ള മറുപടി നല്‍കി. പിന്നെ വര്‍ണങ്ങളുടെ മത്സരമായിരുന്നു.
ഉണ്ണിക്കണ്ണനും അനന്തശയനവും എല്ലാമായി വൈവിധ്യത്തിന്‍െറ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൂട്ടിയപ്പോള്‍ കൈതച്ചക്കയുടെ രൂപത്തിലുള്ള കുടയും നിലക്കുടകളുമായി പാറമേക്കാവും കാഴ്ചക്കാരെ കൈയിലെടുത്തു.
ചുവപ്പും വെള്ളയും മഞ്ഞയും നീലയും പച്ചയും പിന്നെ അതിന്‍െറ അനുബന്ധ വര്‍ണങ്ങളിലുമുള്ള കുടകളും ദൈവങ്ങളുടെ ചിത്രം തുന്നിയ കുടകളും മാറിയും മറിഞ്ഞും ആലവട്ടത്തിനും വെഞ്ചാമരത്തിനുമൊപ്പം ഉയര്‍ന്ന് ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പൂരപ്രേമികളുടെ മനസ്സ് നിറഞ്ഞു.
15 സ്പെഷല്‍ കുടകള്‍ ഉള്‍പ്പെടെ 60 സെറ്റ് കുടകളാണ് മാറ്റിയത്. ലൈക്ര, സിയോണ്‍, ബനാറസ്, പടയണി, ഫെര്‍ തുടങ്ങിയ വിദേശ തുണികള്‍ കൊണ്ട് നിര്‍മിച്ച കുടകളും വര്‍ണം വിതറി. രണ്ടു മണിക്കൂറോളം പൂരപ്രേമികള്‍ക്ക് നയനവിരുന്ന് ഒരുക്കിയാണ് കുടമാറ്റം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.