മദ്യ -അഴിമതി രഹിത കേരളം ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്‍റെ പ്രകടന പത്രിക

തിരുവനന്തപുരം: മദ്യ നിര്‍മാര്‍ജ്ജനം, മതനിരപേക്ഷ-അഴിമതി രഹിത വികസിത കേരളം തുടങ്ങിയവ ലക്ഷ്യം വെച്ച് എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ആരോഗ്യ -വിദ്യാഭ്യാസ -പരിസ്ഥിതി മേഖലയില്‍ അടക്കം 35 ഇന കര്‍മ്മ പദ്ധതികളാണ് എല്‍.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്.

അതിവേഗ റെയില്‍വെ കോറിഡോര്‍, ആരോഗ്യ മേഖലക്കും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും പ്രത്യേക പദ്ധതികള്‍, എല്ലാ ദേശീയ പാതകളും നാലു വരിയായി ഉയര്‍ത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ പത്രികയില്‍ ഉണ്ട്. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ എന്നിവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍റെ നേതൃത്വത്തില്‍ ആണ് പത്രിക പുറത്തിറക്കിയത്. 

പടിപടിയായുള്ള ബോധവല്‍കരണത്തിലൂടെ മദ്യ ഉപഭോഗം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കും. അഞ്ച് വര്‍ഷം കൊണ്ട് വിവിധ മേഖലകളിലായി 25 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും. ഐടി, ടൂറിസം, ഇലക്ട്രോണിക്സ് മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

ഘട്ടംഘട്ടമായി സംസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകള്‍ നടപ്പാക്കും. എല്ലാ ബൈപ്പാസ് നിര്‍മാണങ്ങളും പൂര്‍ത്തിയാക്കും. നാലുവരി റെയില്‍വേ പാതയുണ്ടാക്കാന്‍ റെയില്‍ മന്ത്രാലയവുമായി പദ്ധതിയുണ്ടാക്കും. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കും. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കും. ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ശമ്പള പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്ന നിര്‍ദ്ദേശം തള്ളുമെന്നും പ്രകടന പത്രിക പറയുന്നു.

പച്ചക്കറി, മുട്ട, പാല്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടും. ക്ഷേമ പെന്‍ഷന്‍ 1,000 രൂപയായി ഉയര്‍ത്തും. അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നിയമനം ഉറപ്പാക്കും. മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കും. എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.

1,000 പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഭരണ ഭാഷയും കോടതി ഭാഷയും മലയാളമാക്കാന്‍ നടപടി സ്വീകരിക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപൈ്ളസിലും ന്യായവില സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ധനയുണ്ടാകില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തും. തീരദേശ മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും തുടങ്ങിയവയാണ് എല്‍.ഡി.എഫിന്‍്റെ പ്രധാന വാഗ്ദാനങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.