കണ്ണൂര്‍: പൊതുജനങ്ങള്‍ക്കടക്കം മുഖംമിനുക്കാന്‍ ഇനി ജയിലിലും ബ്യൂട്ടി ബോട്ടിക്. ശീതീകരിച്ച മുറിയില്‍ യൂനിഫോമണിഞ്ഞ തടവുകാരാണ് മുടിമുറിക്കാനും മുഖം മിനുക്കാനുമുണ്ടാവുക. ഫേഷ്യല്‍ ട്രീറ്റ്മെന്‍റ് അടക്കം പുരുഷന്മാര്‍ക്കായുള്ള സൗന്ദര്യ പരിചരണ സംവിധാനങ്ങളാണ് ബ്യൂട്ടിക്കില്‍ ഒരുക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ച ജയില്‍ ഡി.ജി.പി ഋഷിരാജ്സിങ് ഉദ്ഘാടനം ചെയ്ത ‘ഫിനിക്സ് ഫ്രീഡം എക്സ്പ്രഷന്‍സ് ബോട്ടിക്കി’ന് രാജ്യത്തെ ആദ്യ ജയില്‍ ബ്യൂട്ടി പാര്‍ലറെന്ന പ്രത്യേകതയുമുണ്ട്. ഹെയര്‍കട്ടിങ്, ഫേഷ്യല്‍ ട്രീറ്റ്മെന്‍റ്, ഹെയര്‍ സ്റ്റൈലിങ്, ഹെയര്‍ കളറിങ്, ഗാല്‍വനിക് ട്രീറ്റ്മെന്‍റ്, പെഡിക്യൂര്‍, മാനിക്യൂര്‍, മസാജിങ്, ത്രെഡിങ്, ഹെയര്‍ റിലാക്സേഷന്‍ ട്രീറ്റ്മെന്‍റ് തുടങ്ങിയ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജയിലിനു മുന്‍വശത്തെ സന്ദര്‍ശക മുറിയോട് ചേര്‍ന്നാണ് ബ്യൂട്ടിപാര്‍ലര്‍. ഒരുമാസ പരിശീലനം ലഭിച്ച 30 ജയില്‍ അന്തേവാസികളാണ് ജീവനക്കാര്‍. ഒരുസമയം ആറുപേരാണ് പാര്‍ലറില്‍ തൊഴിലാളികളായി ഉണ്ടാവുക. മുടിവെട്ടിന് 50 രൂപയാണ് നിരക്ക്. ഒരേസമയം മൂന്നുപേര്‍ക്ക് മുടിവെട്ടാം. ഫേഷ്യലിന് ഒരു ബെഡും ഹെയര്‍ വാഷിങ്ങിന് പ്രത്യേകം സ്ഥലവുമുണ്ട്. രാവിലെ എട്ടുമുതല്‍ അഞ്ചുവരെ ആഴ്ചയില്‍ എല്ലാദിവസവും പ്രവൃത്തിക്കും.
അന്തേവാസികള്‍ക്ക് ചിത്രകല, തെങ്ങുകയറ്റം, ഡ്രൈവിങ് തുടങ്ങിയവയില്‍ നേരത്തെ പരിശീലനം നല്‍കിയിരുന്നു. കേരളത്തിലെ ജയിലുകള്‍ തടവുകാര്‍ക്കുള്ള വേതനം, തൊഴില്‍ പദ്ധതി തുടങ്ങിയവയുടെ കാര്യത്തില്‍ രാജ്യത്തിന് മാതൃകയാണെന്ന് ഉദ്ഘാടകനായ ജയില്‍ ഡി.ജി.പി ഋഷിരാജ്സിങ് പറഞ്ഞു.
മധ്യമേഖലാ ഡി.ഐ.ജി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, റുഡ്സെറ്റ് ഡയറക്ടര്‍ പി.വി. സുരേന്ദ്രന്‍, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ കെ.ടി. അഷറഫ്, ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ട് ഇന്‍ചാര്‍ജ് അശോകന്‍ അരിപ്പ സ്വാഗതവും വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി. മുകേഷ് നന്ദിയും പറഞ്ഞു.
തടവുകാരുടെ വാദ്യസംഘത്തിന്‍െറ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്. ജയിലുകളില്‍ പെട്രോള്‍ പമ്പ് അടക്കം ആരംഭിക്കാനുള്ള ഒരുക്കവും അധികൃതര്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.