ജാമ്യമില്ലാ വാറന്‍റുകളിലെ നടപടി തടയണമെന്ന് സ്വരാജും ടി.വി. രാജേഷും

കൊച്ചി: തങ്ങള്‍ക്കെതിരായ ജാമ്യമില്ലാ വാറന്‍റുകള്‍ നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണമെന്ന ഡി.വൈ.എഫ്.ഐ നേതാക്കളും നിയമസഭാ സ്ഥാനാര്‍ഥികളുമായ എം. സ്വരാജ്, ടി.വി. രാജേഷ് എന്നിവരുടെ ആവശ്യം ഹൈകോടതി നിരസിച്ചു. അതേസമയം, പത്തുദിസത്തേക്ക് വാറന്‍റിന്മേല്‍ നടപടി തടഞ്ഞ ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഈ കാലയളവില്‍ ഇരുവര്‍ക്കും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതികളില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കാനുള്ള അവസരവും അനുവദിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണെന്നതിന്‍െറ പേരില്‍ നടപടി തടയാനാകില്ളെന്നും സ്ഥാനാര്‍ഥികളാകുന്ന ഘട്ടത്തിലെങ്കിലും ഇവര്‍ക്ക് കോടതിയില്‍ ഹാജരായി വാറന്‍റ് ഉത്തരവ് പാലിക്കാമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ആവശ്യം കോടതി നിരസിച്ചത്.
തിരുവനന്തപുരത്തെ വിവിധ സമരങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ഒമ്പത് കേസുകളിലാണ് സ്വരാജിന് കോടതികള്‍ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലെ നാലും മ്യൂസിയം സ്റ്റേഷനിലെ മൂന്നും തമ്പാനൂര്‍ സ്റ്റേഷനിലെ രണ്ടും കേസുകളിലായി തിരുവനന്തപുരം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി എന്നിവയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. പത്തനാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് പുനലൂര്‍, കോഴിക്കോട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതികളാണ് ടി.വി. രാജേഷിനെതിരെ വാറന്‍റ് പുറപ്പെടുവിച്ചത്.
മേയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണെന്നതിനാല്‍ അതുവരെ വാറന്‍റിന്മേലുള്ള നടപടികളില്‍നിന്ന് ഒഴിവാക്കണമെന്നും അതിനുശേഷം കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നുമായിരുന്നു സ്വരാജിന്‍െറയും രാജേഷിന്‍െറയും ആവശ്യം. ഉന്നതരായ രാഷ്ട്രീയ നേതാക്കളെന്നനിലയില്‍ നേരത്തേതന്നെ ഇവര്‍ക്ക് കോടതിയില്‍ ഹാജരാകാമായിരുന്നു. ജാമ്യാപേക്ഷയും നല്‍കാമായിരുന്നു. ഏറ്റവും കുറഞ്ഞത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴെങ്കിലും ഈ നടപടികള്‍ക്ക് മുതിരാമായിരുന്നു. എന്നാല്‍, അത് ചെയ്യാതെയാണ് സ്ഥാനാര്‍ഥികളായതിനാല്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ ഘട്ടത്തില്‍ ഹൈകോടതിയില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ഈ ആവശ്യം അനുവദിക്കാനാകില്ല. അങ്ങനെചെയ്യുന്നത് വിവേചനപരമായ നടപടിയാകുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാന്‍ നിശ്ചിത സമയം അനുവദിക്കാമെന്ന് വ്യക്തമാക്കി പത്തുദിവസത്തേക്ക് നടപടികള്‍ കോടതി തടഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.