വിവരാവകാശ അപേക്ഷ: വിവരങ്ങള്‍ നിഷേധിച്ചാലും കാരണം വ്യക്തമാക്കണം

മഞ്ചേരി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ ചോദിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോള്‍ അതിനുള്ള കാരണം മറുപടിയില്‍ വ്യക്തമാക്കണമെന്ന് പൊതുഭരണ വകുപ്പിന്‍െറ ഉത്തരവ്.
വിവരം നിഷേധിക്കാനാധാരമായ നിയമവും വകുപ്പും അപേക്ഷകനെ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. ഇതടക്കം മറുപടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും വിവരാവകാശ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.
വിവരാവകാശ അപേക്ഷയുടെ നമ്പര്‍, ഓഫിസില്‍ ലഭിച്ച തീയതി, വിവരാവകാശ ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, ടെലിഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, മറ്റൊരു പൊതു അധികാരിക്ക് വിവരം കൈമാറിയിട്ടുണ്ടെങ്കില്‍ അവയുടെ വിവരം, അപ്പീല്‍ നല്‍കേണ്ട അധികാരിയുടെ പേരും ഉദ്യോഗപ്പേരും ടെലിഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും എന്നിവ മറുപടിയില്‍ ചേര്‍ക്കണം. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുമ്പോള്‍ ഇത് വിവരാവകാശ നിയമപ്രകാരം നല്‍കുന്നതാണെന്നോ ശരിപ്പകര്‍പ്പ് എന്നോ രേഖപ്പെടുത്തി വിവരാവകാശ ഓഫിസറുടെ പേരും ഒപ്പും സീലും തീയതിയും ചേര്‍ക്കാനും നിര്‍ദേശമുണ്ട്.
സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കൂടുതലുണ്ടെങ്കില്‍ കീഴ്ജീവനക്കാര്‍ക്കും സാക്ഷ്യപ്പെടുത്താം. മാര്‍ച്ച് അവസാനം ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.