പാലക്കാട്: ജില്ല കൊടുംചൂടില്‍ വെന്തുരുകുന്നു. അത്യുഷ്ണത്തില്‍ ജനം എരിപൊരികൊള്ളുകയാണ്. 41 ഡിഗ്രിക്ക് മീതെ ചൂട് തുടരുന്നതുമൂലം പകല്‍ പുറത്തിറങ്ങിയാല്‍ ശരീരം പൊള്ളുമെന്ന സ്ഥിതിയാണ്.
അന്തരീക്ഷ ആര്‍ദ്രതയുടെ ഏറ്റകുറച്ചില്‍ മൂലം ആഴ്ചകളായി ജില്ല വറചട്ടിയുടെ പരുവത്തിലാണ്. തുടര്‍ച്ചയായി വെയിലടിച്ചാല്‍ സൂര്യാതപമുറപ്പ്. വെയിലിന്‍െറ കാഠിന്യത്താല്‍ ഇരുചക്ര വാഹനയാത്രപോലും അസാധ്യം. പുറത്തിറങ്ങാന്‍ കുട വേണം. രാവിലെ പത്തരയോടെ ഉയരുന്ന ഉഷ്ണം ഉച്ചയോടെ കഠിനമാവുന്നു. വൈകീട്ട് മൂന്നര കഴിഞ്ഞാലും ചൂടിന് ഒട്ടും കുറവില്ല. സംസ്ഥാനത്തെ എറ്റവും ഉയര്‍ന്ന ചൂടായ 41.9 സെല്‍ഷ്യസാണ് പാലക്കാട്ട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയും ശമനമില്ല. മലമ്പുഴ ഡാമിനോട് ചേര്‍ന്ന ജലസേചന വകുപ്പ് ആസ്ഥാനത്ത് രേഖപ്പെടുത്തിയത് 41.7 ഡിഗ്രി. ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു. മലമ്പുഴ ഡാമിലെ പല ഭാഗങ്ങളിലും വെള്ളമിറങ്ങി അടിത്തട്ട് വെളിപ്പെട്ടു. മീങ്കര, ചുള്ളിയാര്‍ ഡാമുകളിലും ജലനിരപ്പ് അപായ നിലയിലാണ്.
കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. മലമ്പുഴയിലെ വെള്ളം തുറന്നാണ് ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ നിലനിര്‍ത്തിയിരുന്നത്. ഡാമില്‍ വെള്ളം കുറവായതിനാല്‍ ഇനി തുറന്നുവിടാന്‍ സാധ്യത കുറവാണ്.
എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും താപനില ഉയര്‍ന്നു തുടരുന്നതും മഴ പേരിനുപോലുമില്ലാത്തതും ജനങ്ങളെ വലയ്ക്കുന്നു. പൂര്‍ണമായും കുടിവെള്ളം മുട്ടുന്ന സ്ഥിതിയിലേക്കാണ് ജില്ലയുടെ പോക്ക്. ചൂടുകാറ്റും സൂര്യാതപവും രണ്ട് ജീവനെടുത്ത ജില്ലയില്‍ സൂര്യാതപവും താപാഘാതവുമടക്കം ഏറ്റവരുടെ എണ്ണവും കൂടിവരികയാണ്. മേയ് ആദ്യവാരം മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിലാണ് ഏകപ്രതീക്ഷ.
നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കൊപ്പം കുടിവെള്ളത്തിലെ മാലിന്യവുമടക്കം പകര്‍ച്ചവ്യാധികളിലേക്ക് നയിക്കുമോയെന്ന ആശങ്ക ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനുമുണ്ട്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം പകല്‍ ഏറെക്കുറെ നിലച്ച മട്ടാണ്. അതിരാവിലെയും വൈകീട്ടും മാത്രമാണ് പ്രചാരണം. കൊടുംചൂടില്‍ പ്രചാരണത്തോടുള്ള ജനങ്ങളുടെ താല്‍പര്യത്തിനും കുറവ് വന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.