തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയ പുന$ക്രമീകരണം മേയ് 15 വരെ നീട്ടി ലേബര്‍ കമീഷണര്‍ കെ. ബിജു ഉത്തരവായി. സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 11 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 11ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കൊടും ചൂടിന് ശമനമില്ലാതെ പാലക്കാട്
പാലക്കാട്: കൊടും ചൂടില്‍ നിന്ന് ജില്ലക്ക് ലവലേശം മോചനമായില്ല. 40 ഡിഗ്രിക്ക് മുകളില്‍ തന്നെയാണ് തുടര്‍ച്ചയായി നാലാം ദിവസവും പാലക്കാട്. വരള്‍ച്ച മൂലമുള്ള വറുതിയില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് ജനം. വ്യാഴാഴ്ച മലമ്പുഴയില്‍ 41.7 ഡിഗ്രി ചൂട് രേഖപ്പെടുത്തിയപ്പോള്‍ വെള്ളിയാഴ്ച 41.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതലും മലമ്പുഴയിലേതാണ്. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജിയില്‍ 40.5 ഉം പട്ടാമ്പി കാര്‍ഷിക സര്‍വകലാശാല നെല്ല് ഗവേഷണ കേന്ദ്രത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.