കവടിയാര്‍ കൊട്ടാരത്തിന്‍െറ അധീനതയിലെ 3.11 ഏക്കര്‍ രാജകുടുംബം വിറ്റു

തിരുവനന്തപുരം: കൈമാറ്റം നിരോധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയ കവടിയാര്‍ കൊട്ടാരത്തിന്‍െറ അധീനതയിലുള്ള വസ്തുവില്‍നിന്ന് 3.11 ഏക്കര്‍ ഭൂമി രാജകുടുംബം ബംഗളൂരു ആസ്ഥാനമായ ട്രസ്റ്റിന് വിറ്റു. പേരൂര്‍ക്കട വില്ലേജ് അതിര്‍ത്തിയിലെ ബ്ലോക് നമ്പര്‍ 22ല്‍ റീസര്‍വേ 2/25ല്‍പെട്ട ഭൂമിയാണ് കൈമാറ്റം ചെയ്തത്. എന്നാല്‍, കൊട്ടാരവളപ്പിന് തൊട്ടടുത്ത ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പരിധിയിലുള്ള വസ്തുവിന്‍െറ കൈമാറ്റം പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വന്‍ അഴിമതി നടന്നതായാണ് സൂചന.
പേരൂര്‍ക്കട വില്ലേജ് അതിര്‍ത്തിയിലെ ഭൂമി മൂന്ന് ആധാരങ്ങളായി മാര്‍ച്ച് മൂന്നിനാണ് രജിസ്റ്റര്‍ ചെയ്തത്. 830/2016 നമ്പറായി രജിസ്റ്റര്‍ ചെയ്ത കൊട്ടാരവളപ്പിലെ ഒരേക്കര്‍ വസ്തുവും ഉളിയാഴിത്തുറ വിേiiജിലെ ഒരു സെന്‍റും ബംഗളൂരു ആസ്ഥാനമായ ട്രസ്റ്റിനുവേണ്ടി സ്റ്റെല്ല മേരി പ്രഭുദാസിന്‍െറ പേരില്‍ എച്ച്.എച്ച്. പൂരൂരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, ഡോ. സാമുവല്‍ പി. ജോണ്‍ എന്നിവര്‍ 11,00,25,000 രൂപക്ക് വിലയാധാരമായി നല്‍കി.
831/2016ാം നമ്പര്‍ പ്രമാണപ്രകാരം ഒരേക്കര്‍ ഭൂമി ന്യൂ ഹോപ് ഫൗണ്ടേഷനുവേണ്ടി ജോണ്‍ ആക്സന്‍െറ പേരില്‍ 11,00,25,000 രൂപക്കും 846/2016ാം നമ്പര്‍ പ്രമാണപ്രകാരം 1.11 ഏക്കര്‍ ഭൂമി ട്രസ്റ്റിനുവേണ്ടി തോമസ് നാം പൂഴിയില്‍ സാമുവലിന്‍െറ പേരില്‍ 12,35,25,000 രൂപക്കുമാണ് വിലയാധാരം രജിസ്റ്റര്‍ ചെയ്തത്.
ഡോ. സാമുവല്‍ പി. ജോണിന്‍െറ ഉടമസ്ഥതയില്‍ 1224ാം നമ്പറിലുള്ള 11 സെന്‍റില്‍നിന്ന് ഒരു സെന്‍റ് വസ്തുവാണ്, കോടിക്കണക്കിന് രൂപക്ക് തലസ്ഥാനത്ത് വസ്തു സ്വന്തമാക്കിയ ട്രസ്റ്റ് ഉളിയാഴിത്തുറയില്‍ വാങ്ങിയത്. കവടിയാറുള്ള ഭൂമി പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉളിയാഴിത്തുറയിലെ വസ്തു ഉള്‍പ്പെടുത്തിയതെന്ന് രജിസ്ട്രേഷന്‍ മേധാവികള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.  
പേരൂര്‍ക്കട വില്ലേജിലെ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യേണ്ടത് ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലാണ്. എന്നാല്‍, ഉളിയാഴിത്തുറ വില്ലേജ് അതിര്‍ത്തിയിലെ ഭൂമികൂടി ഉള്‍പ്പെടുത്തിയാണ് പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്റ്റര്‍ ചെയ്തത്. ഇങ്ങനെ മറ്റൊരു ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍വേ വെരിഫിക്കേഷന്‍ നടത്തി ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്. രജിസ്ട്രേഷനുശേഷം രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ വിവരം ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ മെമ്മോ അയച്ച് നടപടി പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.