കോടത്തൂര്‍ എ.എം.എല്‍.പി സ്കൂളിനെ മോഡല്‍ സ്മാര്‍ട്ട് വിദ്യാലയമാക്കുന്നു

പെരുമ്പടപ്പ്: 90 പഴക്കമുള്ള വിദ്യാലയത്തിലെ പഠനനിലവാരവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ പൂര്‍വവിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു. അനാദായകരമെന്ന് പറഞ്ഞ് മാനേജ്മെന്‍റ് സ്കൂളുകള്‍ക്ക് പലയിടത്തും താഴ് വീഴുന്നതിനിടെയാണ് പെരുമ്പടപ്പിലെ നാട്ടുകാര്‍ ശുഭവാര്‍ത്തയുമായത്തെുന്നത്. പുത്തന്‍പള്ളി ജാറം കമ്മിറ്റിക്ക് കീഴിലെ കോടത്തൂര്‍ എ.എം.എല്‍.പി സ്കൂളിന്‍െറ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പൂര്‍വവിദ്യാര്‍ഥികള്‍ പദ്ധതികളൊരുക്കുന്നത്. ഇതിന് മുന്നോടിയായി പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. ബ്രാന്‍ഡ് അംബാസഡറായി മാപ്പിളപ്പാട്ട് ഗായകന്‍ സലിം കോടത്തൂരിനെ തെരഞ്ഞെടുത്തു. 
കുട്ടികളുടെ കുറവുമൂലം വിദ്യാഭ്യാസവകുപ്പിന്‍െറ ‘ഫോക്കസ് ’ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാലയത്തെ മാനേജ്മെന്‍റിന്‍െറയും പി.ടി.എയുടെയും അധ്യാപപകരുടെയും സഹകരണത്തോടെ മോഡല്‍ സ്മാര്‍ട്ട് സ്കൂളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇപ്പോള്‍ വഖഫ് ബോര്‍ഡിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്കൂള്‍. 
വാട്സ് ആപ് ഗ്രൂപ് കൂട്ടായ്മയില്‍നിന്നാണ് ‘മോഡല്‍ സ്മാര്‍ട്ട്’ സ്കൂളിനെക്കുറിച്ച ആലോചന പിറവി കൊള്ളുന്നത്. ഗ്രൂപ്പിന്‍െറ ശ്രമഫലമായി മത-രാഷ്ട്രീയ- സംഘടനാ ഭേദമന്യെ 250 ഓളം പേരെ സംഗമത്തിനായി ഒരുമിച്ചു കൂട്ടാനായി. പ്രവാസികളായ പൂര്‍വവിദ്യാര്‍ഥികള്‍ സമ്പൂര്‍ണ പിന്തുണകൂടി വാഗ്ദാനം ചെയ്തതോടെ പദ്ധതികള്‍ക്ക് ജീവന്‍വെച്ചു.  സ്മാര്‍ട്ട് ക്ളാസ്റൂം, കെട്ടിടം, കളിമൈതാനം, മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് ലൈബ്രറി തുടങ്ങിയ പദ്ധതികളാണ് പ്രഥമ പരിഗണനയിലുള്ളത്. കൂടാതെ, മൂന്നു ലക്ഷം രൂപയോളമാണ് ആദ്യ യോഗത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടത്. പലരും തങ്ങളുടെ മക്കളെ അടുത്തവര്‍ഷം മുതല്‍ ഈ സ്കൂളിലേക്ക് അയക്കാനും തീരുമാനിച്ചതും കൂട്ടായ്മയുടെ വിജയമായി.  
യോഗത്തില്‍ വാര്‍ഡ് അംഗം കെ. വത്സലകുമാര്‍ അധ്യക്ഷതവഹിച്ചു. പൂര്‍വ വിദ്യാര്‍ഥി ഏനു സാഹിബ് ഉദ്ഘാടനം ചെയ്തു. 
എം. സുനില്‍, ലീല ടീച്ചര്‍, സത്താര്‍ മാസ്റ്റര്‍, സി. ഇബ്രാഹിംകുട്ടി, എ.കെ. അബ്ദു മാസ്റ്റര്‍, പൊറാടത്ത് രവി, പി.വി. കബീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി.വി.എം.എ സത്താര്‍ ചെയര്‍മാനും പി.വി. കബീര്‍ ജനറല്‍ കണ്‍വീനറുമായി 35 അംഗ വെല്‍ഫെയര്‍ കമ്മിറ്റി രൂപവത്കരിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.