മലബാര്‍ സിമന്‍റ്സ് അഴിമതി : വി.എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ കുറ്റപത്രം

പാലക്കാട്: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വാളയാറിലെ മലബാര്‍ സിമന്‍റ്സില്‍ ഉല്‍പാദിപ്പിക്കുന്ന സിമന്‍റ് പാക്ക് ചെയ്ത് വിപണനം ചെയ്യുന്നതിനായി ലാമിനേറ്റഡ് ബാഗ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വി.എം. രാധാകൃഷ്ണന് പുറമെ ബാഗ് ഇടപാടില്‍ ഉള്‍പ്പെട്ട പാലക്കാട്ടെ പയനിയര്‍ എന്‍റര്‍ പ്രൈസസ് പാര്‍ട്ണറും രാധാകൃഷ്ണന്‍െറ മകനുമായ നിതിന്‍, മലബാര്‍ സിമന്‍റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്.എസ്. മോനി, മുന്‍ ജനറല്‍ മാനേജര്‍ കെ. മുരളീധരന്‍ നായര്‍, മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ. ശ്രീധരന്‍, ആര്‍. രവി, മുന്‍ മാനേജര്‍ (മെറ്റീരിയല്‍സ്) ബി. ശെല്‍വം, വി.എം. രാധാകൃഷ്ണന്‍െറ സുഹൃത്തിന്‍െറ മകന്‍ ചന്ദ്രമൗലി, ബാഗ് വിതരണം ചെയ്ത കമ്പനി മുംബൈ ഋഷി പാക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷദ് ബി. പട്ടേല്‍, സിമന്‍റ്സിലെ മുന്‍ പാക്കിങ് പ്ളാന്‍റ് അസി. എന്‍ജിനീയര്‍ സൂരജ് ചന്ദ്രകാന്ത്, മുന്‍ ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍ ക്വാളിറ്റി കണ്‍ട്രോളര്‍) അനന്തകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. 2003 മുതല്‍ 2007 വരെ കാലയളവില്‍ മുംബൈ ആസ്ഥാനമായ ഋഷി പാക്കേഴ്സ് ലിമിറ്റഡില്‍നിന്ന് അധികവില നല്‍കി ബാഗ് വാങ്ങിയത് വഴി മലബാര്‍ സിമന്‍റ്സിന് 4.59 കോടി രൂപ നഷ്ടം സംഭവിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത ഫൈ്ള ആഷ് കരാറുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവേളയില്‍ പ്രസ്തുത കേസിലെ പ്രതിയായ വി.എം. രാധാകൃഷ്ണന്‍െറ കുന്നത്തൂര്‍മേട്ടിലെ കോര്‍പറേറ്റ് ഓഫിസ് പരിശോധിച്ചപ്പോഴാണ് ബാഗ് ഇറക്കുമതി സംബന്ധിച്ച അഴിമതിയെപറ്റി വിവരം ലഭിക്കുന്നത്. സിമന്‍റ്സില്‍ ചാക്ക് വിതരണം ചെയ്ത ഋഷി പാക്കേഴ്സ്, പയനിയര്‍ എന്‍റര്‍ പ്രൈസസിന് 2004 വര്‍ഷം മുതല്‍ 2007 ആഗസ്റ്റ് വരെ കാലയളവില്‍ കമീഷന്‍ നല്‍കിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ബാഗ് ഒന്നിന് 2.25 രൂപയായിരുന്നു കമീഷന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.