തിരുവനന്തപുരത്ത് എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് ‘റോബിന്‍ഹുഡ് മോഡല്‍’ എ.ടി.എം കവര്‍ച്ച. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്ന് കാട്ടി 25 പരാതികള്‍ കന്‍േറാണ്‍മെന്‍റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചു.

എസ്.ബി.ഐ, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. പലരില്‍നിന്നായി 2.45 ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ ശാഖയോടുചേര്‍ന്ന എ.ടി.എം കൗണ്ടറില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തു. ഇത് എ.ടി.എം നമ്പറും പാസ്വേഡും ചോര്‍ത്താന്‍ ഘടിപ്പിച്ച ഉപകരണമാകാമെന്ന് സംശയിക്കുന്നു. കൗണ്ടര്‍ റൂഫിലെ സ്മോക് ഡിറ്റക്ടറിനുള്ളിലാണ് ഇത് ഘടിപ്പിച്ചിരുന്നത്. ആര് ഘടിപ്പിച്ചതാണെന്ന് കാമറദൃശ്യങ്ങളില്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണഭാഗമായി ആല്‍ത്തറ എസ്.ബി.ഐ എ.ടി.എം പൊലീസ് പൂട്ടി സീല്‍വെച്ചു. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തിയ ശേഷമാണ് എ.ടി.എം കൗണ്ടര്‍ സീല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

പണം അപഹരിക്കപ്പെട്ടത് മുംബൈയിലെ എ.ടി.എമ്മുകളില്‍നിന്നെന്ന് പ്രാഥമിക നിഗമനം. ഓരോ ഇടപാടുകാരില്‍നിന്ന് 10,000 രൂപ വീതമാണ് പല തവണയായി അപഹരിക്കപ്പെട്ടത്. തട്ടിപ്പിനിരയായ സി.ഡാക് പ്രോജക്ട് എന്‍ജിനീയര്‍ സജിന്‍ ഇസ്മായിലിന്‍െറ അക്കൗണ്ടില്‍നിന്ന് 20,000 രൂപ പിന്‍വലിച്ചതായി മൊബൈല്‍ സന്ദേശം വന്നു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ മുംബൈയിലെ വേര്‍ളി എന്ന സ്ഥലത്തെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതായാണ് കാണുന്നത്. ‘റോബിന്‍ഹുഡ്’ എന്ന മലയാള ചിത്രത്തിലെ നായകന്‍ കവര്‍ച്ച നടത്തുന്ന അതേ രീതിയിലാണ് തലസ്ഥാനത്തും മോഷണം നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT