ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന സി.പി.എം തീവ്രവാദ സംഘടനയാണോ‍?; ദുഃഖിക്കേണ്ടി വരുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കളെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ട് കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രവാദ സംഘടനയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വളര്‍ന്നു വരുന്ന തലമുറക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഇതുപോലെ ചെയ്താലും പാര്‍ട്ടി നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശമല്ലേ? കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് പാര്‍ട്ടി നേതാക്കള്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്നതും ജയിലില്‍ എത്തി ആശ്വസിപ്പിക്കുന്നതും.

രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോയി പുറത്തിറങ്ങുന്നവര്‍ക്കാണ് സാധാരണ സ്വീകരണം നല്‍കുന്നത്. എന്നാല്‍, വളര്‍ന്നു വരുന്ന തലമുറക്ക് ഏറ്റവും ഹീനമായ സന്ദേശമാണ് സി.പി.എം നല്‍കുന്നത്. അതില്‍ അവര്‍ക്ക് ദുഃഖിക്കേണ്ടി വരുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

പെരിയ ഇരട്ടക്കൊല കേസിൽ ഹൈകോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ഇന്ന് രാവിലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരൻ, പി. ജയരാജൻ ഉൾപ്പടെയുള്ളവർ എത്തി രക്തഹാരം അണിയിച്ച് നാലു പേരെയും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹൈകോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചതോടെയാണ് ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്.

അഞ്ചു വർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. അതു​വരെ ശിക്ഷ സസ്​പെൻഡ്​ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അപ്പീലുകൾ ഫയലിൽ സ്വീകരിച്ച കോടതി, തുടർന്നാണ്​ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്​. അപ്പീൽ ഹരജി തീർപ്പാകാൻ സാധ്യതയില്ലെന്ന്​ കരുതുന്ന കാലയളവിനേക്കാൾ കുറഞ്ഞ കാലത്തെ തടവുശിക്ഷ വിധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്​.

2019 ഫെബ്രുവരി 17ന് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാൽ എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. കേസിൽ 24 പ്രതികളിൽ 14 പേർ ഇരട്ട ജീവപര്യന്തം ശിക്ഷയും 10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തു.

Tags:    
News Summary - Is CPM a terrorist organization that welcomes criminals by slogans -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.