തിരുവനന്തപുരം: തലസ്ഥാനത്ത് 'റോബിൻഹുഡ് മോഡലി'ൽ നടന്ന എ.ടി.എം കവർച്ച കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. െഎ.ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇവർ മുംബൈയിലേക്ക് തിരിച്ചു. തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. അതേസമയം, സംഭവത്തില്‍ ഡി.ജി.പി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.
എ.ടി.എമ്മുകളിൽ പണം പിൻവലിക്കാനെത്തുന്ന ഉപഭോക്താക്കളുടെ പിൻ നമ്പർ ചോർത്തിയാണ് കവർച്ച നടന്നത്. പണം അപഹരിക്കപ്പെട്ടത് മുംബൈയിലെ എ.ടി.എമ്മുകളില്‍ നിന്നെന്ന് പ്രാഥമിക നിഗമനം. ഓരോ ഇടപാടുകാരില്‍ നിന്ന് 10,000 രൂപ വീതമാണ് പല തവണയായി അപഹരിക്കപ്പെട്ടത്.
എസ്.ബി.ഐ, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്. പലരില്‍ നിന്നായി 2.45 ലക്ഷം രൂപ അപഹരിക്കപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ ശാഖയോടു ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തു.
ഇത് എ.ടി.എം നമ്പറും പാസ് വേഡും ചോര്‍ത്താന്‍ ഘടിപ്പിച്ച ഉപകരണമാകാമെന്ന് സംശയിക്കുന്നു. കൗണ്ടര്‍ റൂഫിലെ സ്മോക് ഡിറ്റക്ടറിനുള്ളിലാണ് ഇത് ഘടിപ്പിച്ചിരുന്നത്. ആര് ഘടിപ്പിച്ചതാണെന്ന് കാമറദൃശ്യങ്ങളില്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.