സ്വാശ്രയ മെഡിക്കല്‍ ഫീസ്: സര്‍ക്കാര്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് നിരക്ക് സംബന്ധിച്ച് മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഏകീകൃത ഫീസ് അനുവദിക്കുകയോ അല്ലാത്തപക്ഷം മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന അസോസിയേഷന്‍െറ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഫീസ് വര്‍ധന അംഗീകരിക്കാനാകില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പരീക്ഷയായ ‘നീറ്റ്’ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫീസ് നിരക്ക് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം തീരുമാനമറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ മെഡിക്കല്‍ കോളജുകള്‍ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഒരേ നിരക്കിലെ ഫീസ് വാങ്ങുന്ന രീതി അവലംബിക്കണമെന്നായിരുന്നു സ്വാശ്രയ മെഡിക്കല്‍ കോളജ് അസോസിയേഷന്‍െറ ആവശ്യം. മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ 10 ലക്ഷം രൂപ വീതം ഏകീകൃത ഫീസാണ് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം മാനേജ്മെന്‍റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം ഈടാക്കിയ 8.5 ലക്ഷം രൂപ ഫീസ് 12 മുതല്‍ 16 ലക്ഷം വരെ ആക്കണമെന്നാണ് അസോസിയേഷന്‍െറ ആവശ്യം. എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് ഈടാക്കുന്ന ഫീസ് 12.5 ലക്ഷം രൂപയില്‍നിന്ന് 16 ലക്ഷമാക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം പുന$സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അഡീഷനല്‍ ചീഫ്സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീഗം, പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി, അസോസിയേഷന്‍ ഭാരവാഹികളായ പി.കെ. കൃഷ്ണദാസ്, വി. അനില്‍കുമാര്‍, കെ.എം. മൂസ തുടങ്ങിയവര്‍ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.