തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ ഏറെക്കാലമായി കേൾക്കുന്ന സ്മാർട് മീറ്റർ ബില്ലിങ് വൈകാതെ നടപ്പാകും. സ്മാർട് മീറ്ററിനുള്ള ടെൻഡറിലേക്ക് കെ.എസ്.ഇ.ബി കടന്നതിനു പിന്നാലെ വിശദ പദ്ധതി റിപ്പോർട്ട് അനുമതിക്കായി റെഗുലേറ്ററി കമീഷന് സമർപ്പിച്ചു. കെ.എസ്.ഇ.ബിയുടെ 2027 വരെയുള്ള വിതരണ മേഖലയിലെ മൂലധന നിക്ഷേപ പദ്ധതിക്ക് അനുമതി തേടിയുള്ള അപേക്ഷക്ക് അനുബന്ധമായാണ് സ്മാർട് മീറ്റർ ഡി.പി.ആറും നൽകിയത്. മൂലധന നിക്ഷേപ പദ്ധതിയിൽ ചൊവ്വാഴ്ച റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ സ്മാർട് മീറ്ററും പരിഗണനക്ക് വരും.
കേന്ദ്ര സഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ച ടോട്ടെക്സ് രീതിക്ക് ബദലായി കാപെക്സ് രീതിയാണ് നടപ്പാക്കുന്നത്. 2023ൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും കഴിഞ്ഞ മേയിലാണ് ഭരണാനുമതി ലഭിച്ചത്. കരാർ കമ്പനി മുഴുവൻ ചെലവ് വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന കേന്ദ്രം നിർദേശിച്ച ടോട്ടെക്സ് രീതിയോട് കെ.എസ്.ഇ.ബി സംഘടനകൾ എതിർപ്പ് ഉയർത്തിയിരുന്നു. ഇതിന് ബദലായാണ് ബില്ലിങ്ങും അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബി നിയന്ത്രണത്തിൽ തന്നെയാക്കുന്ന കാപെക്സ് രീതി നടപ്പാക്കുന്നത്.
മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റർ ഡേറ്റ മാനേജ്മെന്റ് കമ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്, സോഫ്റ്റ്വെയർ ടെസ്റ്റിങ്ങിനും സൈബർ സെക്യൂരിറ്റിക്കുമുള്ള ചാർജ്, 93 മാസത്തേക്കുള്ള ഓപറേഷൻ-മെയ്ന്റനൻസ് ചാർജ് എന്നിവ ഉൾപ്പെടുന്ന ചെലവുകൾ ടോട്ടെക്സ് മാതൃക പ്രകാരം 93 പ്രതിമാസ തവണയായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനായിരുന്നു ശ്രമം. പുതിയ സംവിധാനം ഉപഭോക്താക്കൾ അധിക ഭാരമാവില്ലെന്നാണ് കെ.എസ്.ഇ.ബി വിശദീകരണം.
സ്മാർട് മീറ്റർ വരുന്നതോടെ, കൃത്യമായി പണമടക്കാതെ വൻതുക കുടിശ്ശികയുള്ള സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ കുടുങ്ങും. പ്രീപെയ്ഡ് സ്മാർട് മീറ്റർ സംവിധാനം ഏർപ്പെടുത്തുന്നതോടെ കുടിശ്ശികക്കാർക്ക് വൈദ്യുതി കിട്ടാത്ത സാഹചര്യമുണ്ടാവും. ആകെ ശരാശരി വാർഷിക കുടിശ്ശിക 400 കോടിക്ക് മുകളിലാണ്. സ്മാർട് മീറ്റർ വരുന്നതോടെ സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽനിന്നുള്ള നിലവിലെ വരുമാനത്തിൽ 150 കോടിയുടെ വർധനയാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.