മാണി മുന്നണിവിട്ടശേഷം യു.ഡി.എഫ് ഇന്ന് യോഗം ചേരുന്നു

തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്-എം പുറത്തുപോയ ശേഷമുള്ള ആദ്യമുന്നണി യോഗം ബുധനാഴ്ച. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ സമരത്തെക്കുറിച്ച് ആലോചിക്കാന്‍ മാണിയുടെ സൗകര്യംകൂടി മുന്‍നിര്‍ത്തി മാറ്റിവെച്ചതാണ് ഈ  യോഗം. എന്നാല്‍, അത് അദ്ദേഹം മുന്നണിവിട്ടുപോയതിനെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട യോഗമായി മാറിയിരിക്കുകയാണ്. മാണിഗ്രൂപ് വിട്ടുപോയത് വലിയ തിരിച്ചടിയാണെങ്കിലും അതൊന്നും മുന്നണിയെ ബാധിക്കില്ളെന്ന് വരുത്തിത്തീര്‍ക്കാനായിരിക്കും ശ്രമം. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവും  ഉണ്ടാകും.
വിലക്കയറ്റത്തിലും ഭാഗാധാര രജിസ്ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധനയിലും പ്രതിഷേധിച്ച് എം.എല്‍.എ മാര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉച്ചവരെ സമരംനടത്തും.അതിനുശേഷമാണ് യോഗം ചേരുക. മാണിഗ്രൂപ് മുന്നണിവിട്ടെങ്കിലും അവര്‍ക്കെതിരെ കടുത്ത വിമര്‍ശം  ഉണ്ടാകാന്‍ സാധ്യതയില്ല. ആദ്യദിവസത്തേതില്‍ നിന്ന് വ്യത്യസ്തമായി മാണിക്കെതിരെ കാര്യമായ ആക്രമണത്തിന് കോണ്‍ഗ്രസ് പോലും ഇപ്പോള്‍ തയാറല്ല. എന്നാല്‍, അവര്‍ വിട്ടുപോകാന്‍തക്ക കാരണങ്ങളൊന്നും നിലവില്‍ ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടും. പുറമേ, പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അവസരംപോലും നല്‍കാതെ ഏകപക്ഷീയമായുള്ള തീരുമാനത്തിലെ അനൗചിത്യവും വ്യക്തമാക്കും. മാണിഗ്രൂപ്പിനെ ഉടനടി മടക്കിക്കൊണ്ടുവരാന്‍ തല്‍ക്കാലം ഒരു നീക്കവും വേണ്ടെന്ന വികാരമാവും യോഗം പങ്കുവെക്കുക.
മാണിഗ്രൂപ് വിട്ടുപോയതോടെ ചില ജില്ലകളിലെങ്കിലും യു.ഡി.എഫ് പുന$സംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വിപുലമായയോഗം വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞ മുന്നണിയോഗത്തില്‍ തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.