എസ്.ബി.ടി ‘ലയന ഇരകളായി’ എ.ടി.എം ഇടപാടുകാര്‍

തൃശൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിന് ഇരകളായി എസ്.ബി.ടിയുടെ എ.ടി.എം ഇടപാടുകാര്‍. ലയനത്തിന്‍െറ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് ഇടപാടുകാരുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സംസ്ഥാനാന്തര തട്ടിപ്പ് സംഘങ്ങള്‍ സജീവമായതോടെ പണം നഷ്പ്പെട്ടവരുടെ എണ്ണം പെരുകി. ഏറ്റവുമൊടുവില്‍ വയനാട്ടില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനോജിനാണ് പണം നഷ്ടപ്പെട്ടത്.

എസ്.ബി.ഐയില്‍ ലയിപ്പിക്കുമ്പോള്‍ എസ്.ബി.ടി ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍ മാറുന്നതിനാല്‍ എ.ടി.എം കാര്‍ഡില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ച് വരുന്ന വിളികളാണ് എ.ടി.എം തട്ടിപ്പിന്‍െറ തുടക്കം. അക്കൗണ്ട് നമ്പറിനൊപ്പം എ.ടി.എം കാര്‍ഡിലുള്ള നമ്പറുകളും ചോദിക്കും. വൈകാതെ പണം നഷ്ടപ്പെടും. ചിലര്‍ക്ക് പണം പിന്‍വലിക്കപ്പെട്ടതിന്‍െറ എസ്.എം.എസ് വരും. മനോജിന്‍െറ അക്കൗണ്ടില്‍നിന്ന് നാല് തവണയായി 17,500 രൂപയാണ്  കവര്‍ന്നത്. നാലും ഓണ്‍ലൈന്‍ പര്‍ച്ചേസിനു വേണ്ടിയാണ് ഉപയോഗിച്ചത്. മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍നിന്നാണ് ഇടപാട് നടത്തിയിരിക്കുന്നത്. ഇതിന്‍െറ വിവരങ്ങള്‍ ശേഖരിച്ച്  നല്‍കിയ  പരാതി   മറ്റു  പരാതികള്‍ക്കൊപ്പം   ഉള്‍പ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചതായി മനോജ് പറഞ്ഞു.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നെന്നു പറഞ്ഞാണ് കേരളത്തിലെ എസ്.ബി.ടി ഇടപാടുകാര്‍ക്ക്, പ്രത്യേകിച്ച് എ.ടി.എം ഉപയോഗിക്കുന്നവര്‍ക്ക് വിളി വരുന്നത്. എസ്.ബി.ടി കേരളം ആസ്ഥാനമായുള്ള ബാങ്കാണെന്ന് ധാരണയുള്ളവര്‍ പുറത്തുനിന്നുള്ള വിളികളോട് അത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ എസ്.ബി.ടി അടുത്ത ദിവസംതന്നെ എസ്.ബി.ഐയില്‍ ലയിക്കുമെന്നും അതിന്‍െറ ഭാഗമാണ് ഇത്തരം നടപടികളെന്നുമാണ് പറയുന്നതത്രേ. വിളികളോട് പ്രതികരിച്ചില്ളെങ്കില്‍ പൊടുന്നനെ വൈകാതെ ഇടപാട് നടത്താന്‍ കഴിയാത്ത അവസ്ഥ വരുമെന്ന് ‘ഭീഷണി’യുമുണ്ട്.

പണം പോയശേഷം ബാങ്കില്‍ പരാതിയുമായി എത്തുമ്പോള്‍ പരിഹാസരൂപേണ പ്രതികരണം കിട്ടുന്നതായും പരാതിയുണ്ട്. ബാങ്ക് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇടപാടുകാരില്‍ വലിയൊരു വിഭാഗം ഇത് കണ്ടിട്ടില്ല. അക്കൗണ്ട് നമ്പറും നെറ്റ് ബാങ്കിങ് പാസ്വേഡും എ.ടി.എം കാര്‍ഡിന്‍െറ വിവരങ്ങളും ആരോടും ആവശ്യപ്പെട്ടിട്ടില്ളെന്നും അത് ആര്‍ക്കും കൊടുക്കരുത് എന്നുമാണ് ബാങ്ക് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍, ഒരു പരസ്യം കൊടുക്കുന്നതില്‍ ഉപരിയായ ബോധവത്കരണം ആവശ്യമുള്ള കാര്യമാണ് ഇതെന്ന് ഇടപാടുകാര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.