വാഹനങ്ങള്‍ക്ക് എല്‍.എന്‍.ജി : കേരളത്തിന്‍െറ പദ്ധതിക്ക് കേന്ദ്ര പിന്തുണ

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ഇന്ധനമായി ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) ഉപയോഗിക്കാനുള്ള കേരളത്തിന്‍െറ നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ധാരണയായി. നവംബറില്‍ കേരളത്തില്‍ എല്‍.എന്‍.ജി ബസുകള്‍ നിരത്തിലിറങ്ങും. കെ.എസ്.ആര്‍.ടി.സി ബസുകളിലാകും ആദ്യപരീക്ഷണം. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ രക്ഷിച്ചെടുക്കാനുള്ള പരീക്ഷണംകൂടിയാണ് പദ്ധതി.  

പുകയും മലിനീകരണവും കുറയുമെന്നതുമാത്രമല്ല, ഇന്ധനച്ചെലവും കുറവാണ് എന്നതാണ് എല്‍.എന്‍.ജിയുടെ സവിശേഷത.  വാഹനങ്ങളില്‍ എല്‍.എന്‍.ജി ഉപയോഗിക്കുന്നതിനുള്ള പദ്ധതിയുമായി ഒരു സംസ്ഥാനം മുന്നോട്ടുവരുന്നത് ഇതാദ്യമാണ്. നിലവില്‍ രാജ്യത്ത് വാഹനങ്ങളില്‍ എല്‍.എന്‍.ജി ഉപയോഗിക്കാന്‍ അനുമതിയില്ല. അതിനാല്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി ആവശ്യമാണ്. മാത്രമല്ല, എല്‍.എന്‍.ജി പെട്രോള്‍ബങ്കുകള്‍ വഴിയും മറ്റും വിതരണംചെയ്യാന്‍ സ്ഫോടകവസ്തു നിയമ ഭേദഗതി ചെയ്യണം.  ഈ രണ്ടു കാര്യങ്ങളിലും ഒക്ടോബറോടെ അനുകൂലനടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാരില്‍നിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

യൂനിറ്റിന് മൂന്നു ഡോളര്‍ നിരക്കില്‍ എല്‍.എന്‍.ജി ലഭ്യമാക്കാമെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉറപ്പുനല്‍കിയിട്ടുണ്ട്്.  കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ ഉപയോഗപ്പെടുത്തുന്ന വിധമാണ് കേരളം പദ്ധതി തയാറാക്കിയിരിക്കുന്നത്. കിലോ 34 രൂപ നിരക്കില്‍ എല്‍.എന്‍.ജി ഉപയോഗിച്ച് വാഹനങ്ങളോടിക്കാന്‍ കഴിയും. വാഹനങ്ങള്‍ക്ക് 40 ശതമാനം വരെ അധിക ഇന്ധനക്ഷമത കൂടുന്നതിനാല്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതി പ്രയോജനപ്പെടും.

ലോറി, ട്രക്ക് എന്നിവ വഴിയുള്ള ചരക്കുനീക്കം ലാഭത്തിലാക്കാം. നിലവില്‍ റോഡ് വഴിയുള്ള ചരക്കുനീക്കത്തിന് കിലോ മീറ്ററിന് 14 രൂപയാണ് ശരാശരി ഇന്ധനച്ചെലവ്. എല്‍.എന്‍.ജി ഇന്ധനമായി ഉപയോഗിച്ചാല്‍ അത് ആറു രൂപയായി കുറക്കാനാകും. അതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറക്കാനാവും. കാറുകളിലും പ്രത്യേക കിറ്റ് ഘടിപ്പിച്ച് എല്‍.എന്‍.ജി നിറക്കാം. ഇതിനുള്ള സാങ്കേതികവിദ്യ വിദേശരാജ്യങ്ങളില്‍ ലഭ്യമാണെന്നും കേന്ദ്രത്തിന് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സൗരോര്‍ജത്തിലും വൈദ്യുതിയിലും ഓടുന്ന 40 ബോട്ടുകള്‍ പുറത്തിറക്കാനായി 100 കോടിയുടെ കേന്ദ്രസഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.