എ.ടി.എം കവര്‍ച്ചശ്രമം: കൂട്ടുപ്രതിയെ കൊന്നത് ഉറക്കത്തില്‍

കൊച്ചി: കാക്കനാട് എ.ടി.എം കവര്‍ച്ചശ്രമക്കേസില്‍ കൂട്ടുപ്രതിയെ കൊലപ്പെടുത്തിയത് ഉറക്കത്തിലെന്ന് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തല്‍. പിടിക്കപ്പെടുമെന്ന അവസ്ഥയില്‍ കീഴടങ്ങുമെന്ന ഭീഷണിയാണ് ഉറങ്ങിക്കിടന്ന മുഹമ്മദ് ഇമ്രാനെ (34) കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്ന് കൂട്ടുപ്രതി മുര്‍സലീം അന്‍സാര്‍ (35) പൊലീസിനോട് പറഞ്ഞു.

എല്ലാ സംഭവവും പൊലീസിനോട് പറയുമെന്നും ഇമ്രാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എ.ടി.എം കവര്‍ച്ചശ്രമത്തിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാല്‍ ഏതുനിമിഷവും പിടിക്കപ്പെടുമെന്ന് ഭയന്നായിരുന്നു സ്വകാര്യ ലോഡ്ജ് മുറിയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്നാണ്, പൊലീസിന് കീഴടങ്ങുന്നതാകും ഉചിതമെന്ന് മുര്‍സലീം അന്‍സാറിനുമേല്‍ ഇമ്രാന്‍ സമ്മര്‍ദം ചെലുത്തിയത്. കീഴടങ്ങാന്‍ താനില്ളെന്ന് അന്‍സാര്‍ വ്യക്തമാക്കിയപ്പോള്‍, എങ്കില്‍ താന്‍ കീഴടങ്ങുമെന്നും എല്ലാ വിവരവും പൊലീസിനെ അറിയിക്കുമെന്നുമായിരുന്നു ഇമ്രാന്‍െറ ഭീഷണി.

വയറ്റില്‍ കത്തി കൊണ്ട് കുത്തുകയും മരണം ഉറപ്പുവരുത്താന്‍ കഴുത്തറുക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാകും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. പിറ്റേന്ന് പകല്‍ മറൈന്‍ ഡ്രൈവിലെ കടയില്‍നിന്ന് ചാക്ക് വാങ്ങി മൃതദേഹം ചാക്കിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം രാത്രിയില്‍ കാട്ടില്‍ തള്ളി രക്ഷപ്പെടാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ, പുറത്തിറങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് എ.ടി.എം കവര്‍ച്ചശ്രമവും തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍െറയും ചുരുളഴിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.