മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് പിണറായിയോട് ചെന്നിത്തല

തിരുവനന്തപുരം: കേരളം കുറ്റവാളികളുടെ പറുദീസയായെന്ന് ആവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. മുഖ്യമന്ത്രീ, മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലെ കുറിപ്പ് ആരംഭിക്കുന്നത്.  എ.ടി.എം തട്ടിപ്പ് കേസിൽ ഒരാളെ മാത്രമേ പൊലീസിന് പിടികൂടാനായിട്ടുള്ളൂ. അത് ചക്കിയട്ടപ്പോൾ മുയൽ ചത്തു എന്നു പറയുന്ന പോലെയാണ് എന്നും പരിഹസിക്കുന്നു. ഡി.ജി.പിയുടെ മൂക്കിന് താഴെ അന്താരാഷ്ട്ര കൊള്ള നടക്കുമ്പോൾ ഇന്‍റലിഡൻസ് എന്ത് ചെയ്യുകയായിരുന്നു എന്നും ചെന്നിത്തല ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

വിദേശ ക്രിമനലുകളുടെ താവളമായി കേരളം മാറി എന്ന എന്‍റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരിച്ചത് വായിച്ചപ്പോള്‍ പിണറായി വിജയന്‍ തമാശ പറയില്ല എന്ന് പറയുന്നത് വെറുതെയാണെന്ന് എനിക്ക് തോന്നി. എ.ടി.എം കവര്‍ച്ചാ കേസില്‍ മണിക്കൂറുകള്‍ക്കകം അവര്‍ പിടിയിലായെന്നും അതുകൊണ്ട് ഞാന്‍ പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആദ്യമേ പറയട്ടേ അവര്‍ മണിക്കൂറുകള്‍ക്കക്കം പിടിയിലായി എന്ന് അങ്ങ് പറയുന്നു. ആരാണ് ഈ അവര്‍. അഞ്ച് പേരാണ് വിദേശ മോഷ്ടാക്കള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ അഞ്ച് പേരില്‍ ഒരാള്‍ മാത്രമെ ഇതുവരെ പിടിയിലായുള്ളു. അഞ്ചാമന്‍ ഇപ്പോഴും നിര്‍ബാധം കൊള്ള തുടരുന്നു. ബാക്കി മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് തന്നെ പറയുന്നു. ചക്കയിട്ടപ്പോള്‍ മുയലു ചത്തപോലെ ഒരാളെ പിടിച്ചതിന് വീമ്പെളക്കാന്‍ മുതിരരുത്. ബാക്കിയുള്ളവരെ പിടിക്കാന്‍ ഇനി പാഴൂര്‍ പടിപ്പുര വരെ പോകണോ? പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന് തൊട്ടുതാഴെ, ഡി.ജി.പിയുടെ മൂക്കിന് താഴെയാണ് ഈ അന്താരാഷ്ട്ര കൊള്ള നടന്നത്. ഇവിടെ ഇന്‍റലിജന്‍സ് എന്നൊരു സംവിധാനമുണ്ട് എന്ന് അങ്ങേക്കറിയാമല്ലോ, അവര്‍ എന്തെടുക്കുകയായിരുന്നു, വിദേശ പൗരന്‍മാരെ നിരീക്ഷിക്കേണ്ടത് ഇന്‍റലിജന്‍സിന്റെ ചുമതലയാണ്. അവര്‍ക്ക് അനധികൃത സിംകാര്‍ഡ് പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞു.

സി.സി.ടി.വി യില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങളാണ് ഒരാളെയെങ്കിലും പിടിക്കാന്‍ സഹായിച്ചത്. എ ടി എമ്മില്‍ സി.സി.ടി.വി വെക്കുന്നത് പൊലീസല്ല, ബാങ്ക് അധികൃതരാണ്. കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് കൊല്ലം കളക്ടറേറ്റില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു ഇതുവരെ പ്രതികളെ പിടിച്ചില്ലെന്ന് മാത്രമല്ല സംശയത്തിന്‍റെ പേരില്‍ പോലും ആരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. അവിടെ സി.സി.ടി.വി ഇല്ലാത്തത് കൊണ്ടായിരിക്കും പൊലീസിന് അതു സാധിക്കാത്തത്.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.