മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരുമെന്ന് കേന്ദ്ര കമീഷനും

കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടയും വിവരാവകാശ പരിധിയില്‍ വരുമെന്ന് കേന്ദ്ര വിവരാവകാശ കമീഷനും വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നില കൂടുതല്‍ പരുങ്ങലിലായി. വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് നല്‍കിയ അപ്പീല്‍ പരിഗണിക്കവെ കേന്ദ്ര വിവരാവകാശ കമീഷണര്‍ രാധാകൃഷ്ണ മാഥൂറാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍, അജണ്ട എന്നിവ വിവരാവകാശ പരിധിയില്‍ വരുമെന്ന് തീര്‍പ്പുകല്‍പിച്ചത്. ഇതിന് മറ്റൊരു ഇടപെടലിന് കാത്തിരിക്കരുതെന്നും വിധി തീര്‍പ്പായിതന്നെ പരിഗണിക്കണമെന്നും നിരീക്ഷിച്ചിട്ടുമുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടയും വിവരാവകാശ അപേക്ഷ വഴി നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ച അതേ അവസരത്തില്‍തന്നെയാണ് ഇതിന് വിരുദ്ധമായി കേന്ദ്ര വിവരാവകാശ കമീഷന്‍െറ നിലപാട് പുറത്തുവരുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമീഷന്‍െറ ഉത്തരവ് ചോദ്യം ചെയ്ത സര്‍ക്കാറിന്‍െറ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ളെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അഡ്വ. ഡി.ബി. ബിനു നല്‍കിയ അപ്പീലിലാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്തുദിവസത്തിനകം നല്‍കാന്‍ വിവരാവകാശ കമീഷണര്‍ ഉത്തരവിട്ടത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ 2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12വരെ കാലയളവിലെ മന്ത്രിസഭാ തീരുമാനങ്ങളാണ് ബിനു ആവശ്യപ്പെട്ടത്. എന്നാല്‍, പല വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ളെന്നും തീരുമാനമെടുത്ത് നടപടി പൂര്‍ത്തിയായ ശേഷം ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് വിവരാവകാശ നിയമത്തിലുള്ളതെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഏപ്രില്‍ ഒന്നിന് മറുപടി നല്‍കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഫയലുകളില്‍ രേഖപ്പെടുത്തി അതത് വകുപ്പുകള്‍ക്കുതന്നെ മടക്കിക്കൊടുക്കുന്നതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയാണ് സമീപിക്കേണ്ടതെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമീഷണര്‍ക്ക് ഏപ്രില്‍ 16ന് അപ്പീല്‍ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങുംമുമ്പ് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ളെന്നും യോഗതീരുമാനങ്ങളില്‍ എന്ത് നടപടിയുണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ലഭ്യമല്ളെന്നുമുള്ള മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ വാദം തള്ളിയാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമീഷണര്‍ ഉത്തരവിട്ടത്.

മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നത് തടയണമെന്നും ഇവ പുറത്തുവിടാന്‍ കഴിയില്ളെന്ന് ഹൈകോടതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ഹൈകോടതിയില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കെ മന്ത്രിസഭാ തീരുമാനങ്ങളും ഉത്തരവുകളും സര്‍ക്കാറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതും ചര്‍ച്ചയായിരുന്നു. ജൂലൈ 20നാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.