കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്ക് മാധ്യമം ഏര്‍പ്പെടുത്തിയ ‘വെളിച്ചം’ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശനിയാഴ്ച രാവിലെ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നല്ല കാര്യങ്ങളെ കുറിച്ചല്ല നാട്ടില്‍നിന്ന് അധികവും കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഈ കുട്ടികള്‍ നല്ലത് കേള്‍പ്പിച്ചിരിക്കുന്നുവെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുംകൂടിയുള്ളതാണ് ഈ അനുമോദനങ്ങളെന്നും മന്ത്രി പറഞ്ഞു.
എഴുത്തുകാരനും മാധ്യമം മുന്‍ ചീഫ് എഡിറ്ററുമായ സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നമുക്ക് വരദാനമായി ലഭിച്ച കഴിവുകള്‍ മൊത്തം ജീവജാലങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോഴാണ് മനുഷ്യത്വം പൂര്‍ണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കഴിവുകളുടെ വിളനിലമാണ് മനുഷ്യന്‍. നല്ല ചിന്തകള്‍ മുളപ്പിക്കേണ്ട പ്രായമാണ് വിദ്യാര്‍ഥികളുടേത്. കിട്ടിയ അനുഗ്രഹങ്ങള്‍ ആഴത്തില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കള്‍ തമ്മില്‍ മത്സരം മുറുകുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അമിതമായി ഇടപെടുന്നത് വിദ്യാര്‍ഥികളുടെ പ്രതിഭയുടെ കൂമ്പൊടിയാന്‍ ഇടയാക്കുന്നുണ്ടെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. പുസ്തകങ്ങള്‍ക്കപ്പുറം പൊതുവായ ഒരു സംസ്കാരം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ വിദ്യാര്‍ഥികളെ ഏറ്റവും ഫലവത്തായി പങ്കാളികളാക്കുന്നതിന് മാധ്യമം മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ. ദാസന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് റഫീഖ് സ്വാഗതവും റസിഡന്‍റ് മാനേജര്‍ സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.പ്ളസ് ടുവിന് 1200ല്‍ 1200 മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ‘വെ`ളിച്ചം’ പുരസ്കാരം നല്‍കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 88 പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിജയികള്‍ക്ക് ആഗസ്റ്റ് 20ന് കൊല്ലം വിമല ഹൃദയ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.