തലശ്ശേരി: വയനാട്ടില്‍ സര്‍ക്കാര്‍ഭൂമി കൈയേറി കൈവശംവെക്കുകയും വില്‍പനനടത്തുകയും ചെയ്തെന്ന പരാതിയില്‍ ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പി, മകനും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ത്വരിതാന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്വേഷണസംഘത്തിന് തലശ്ശേരി വിജിലന്‍സ് കോടതി ഒരു മാസംകൂടി അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി പഴയരേഖകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. ജയറാം ഒരുമാസംകൂടി അനുവദിച്ചത്. സെപ്റ്റംബര്‍ എട്ടിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ കൊച്ചി പാലാരിവട്ടത്തെ പി. രാജന്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു വിജിലന്‍സ് കോടതി ഉത്തരവ്. വയനാട് വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി മാര്‍ക്കോസ്, സി.ഐ ജസ്റ്റിന്‍ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, എം.വി. ശ്രേയാംസ് കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എന്നിവരെ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കിയാണ് പരാതി നല്‍കിയത്. വ്യാജരേഖയുണ്ടാക്കി ഇരുവരും വയനാട് ജില്ലയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെന്നും രാജന്‍ വിജലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഭൂമി പതിച്ചുകിട്ടുന്നതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.വി. ശ്രേയാംസ് കുമാര്‍ ഹൈകോടതിയില്‍ നല്‍കിയ റിട്ട് ഹരജി തള്ളിയിരുന്നു. 2013 ജനുവരി 30ന് മീനങ്ങാടി പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ കോപ്പി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ളെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും പരാതിയില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.