ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമീഷണർ സ്ഥാനത്ത് നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തച്ചങ്കരിയെ പദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനമെടുത്തത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റെ പരാതിയെ തുടര്‍ന്നാണ് തീരുമാനം. എ.ഡി.ജി.പി അനന്തകൃഷ്ണനെ പുതിയ ഗതാഗത കമീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തച്ചങ്കരിക്ക് പകരം നിയമനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

മന്ത്രിയും കമീഷണറും തമ്മിൽ നാളുകളായി ശീതസമരം നിലനിൽക്കുന്നുണ്ട്. വകുപ്പിലെ പല തീരുമാനങ്ങളും താൻ അറിയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പരാതി. തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് ശശീന്ദ്രന്‍ കമീഷണറെ മാറ്റണമെന്ന ആവശ്യം അറിയിച്ചത്. തച്ചങ്കരി തുടര്‍ച്ചയായി വകുപ്പ് മന്ത്രിക്കും സര്‍ക്കാറിനും അപമാനം ഉണ്ടാക്കുകയാണെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.  മന്ത്രിയുടെ ആവശ്യത്തിന് പിന്തുണയുമായി എൻ.സി.പിയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന നിലപാടാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ സ്വീകരിച്ചത്.

ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോളില്ലെന്ന കമീഷണറുടെ ഉത്തരവ് അറി‍ഞ്ഞില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. സർക്കാർ അഭിഭാഷകർ, ക്രൈംബ്രാഞ്ച്, ഇന്‍റലിജൻസ് വാഹനങ്ങളിലെ അനധികൃത ബീക്കൺ ലൈറ്റുകൾ‍ക്കെതിരായ നടപടിയും വിവാദത്തിന് കാരണമായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ സ്ഥലമാറ്റം ഉത്തരവിറക്കിയത് മന്ത്രി അറിയാതെയാണ്.

ഇത്രയും വിവാദങ്ങൾ കത്തിനിൽക്കെയാണ് ജന്മദിനത്തിന് മധുരം വിതരണം ചെയ്യണമെന്ന് കമീഷണർ ആർ.ടി. ഓഫിസുകൾക്ക് സർക്കുലർ നൽകിയത്. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും മാറ്റാനുള്ള തീരുമാനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെങ്കിലും ഔചിത്യ പൂർവമായിരുന്നില്ല കമീഷണറുടെ നടപടിയെന്നാണ് റിപ്പോർട്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.