തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും സി.പി.എമ്മും തള്ളിയതോടെ, എൻ.സി.പിയിൽ തിരക്കിട്ട നീക്കങ്ങൾ. ശശീന്ദ്രനെ മന്ത്രിസഭയിൽനിന്ന് പിൻവലിക്കുന്നതുൾപ്പെടെ ആലോചനകളാണ് നടക്കുന്നത്. അതേസമയം, രാജിവെക്കാൻ തയാറല്ലെന്ന് പറയാതെപറഞ്ഞ് ശശീന്ദ്രനും രംഗത്തെത്തി.
തോമസ് കെ. തോമസ് മന്ത്രിയാകുമെങ്കിൽ ഒഴിയാൻ തയാറാണെന്നും എന്നാൽ, അതിന് തയാറല്ലെന്ന് മുഖ്യമന്ത്രി മൂന്നുതവണ എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. അതുകൊണ്ട് ഈ ഘട്ടത്തിൽ രാജിവെക്കുന്നത് മുഖ്യമന്ത്രിയോടും ഇടതുമുന്നണിയോടും ഏറ്റുമുട്ടുന്നതിന് സമമാണ്. അതിന് താൽപര്യമില്ല. മുഖ്യമന്ത്രിയുമായും ഇടതുപക്ഷവുമായും ചേർന്നുപോകാനാണ് ആഗ്രഹം. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇക്കാര്യം വീണ്ടും ഉയർത്തി അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് ശശീന്ദ്രൻ കുറ്റപ്പെടുത്തി.
മന്ത്രിയെ മാറ്റാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ എൻ.സി.പി പ്രസിഡന്റ് പി.സി. ചാക്കോ അമർഷത്തിലാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പുള്ളതിനാലാണ് ശശീന്ദ്രൻ, പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്യുന്നതെന്ന് ചാക്കോ കരുതുന്നു. ഈ സാഹചര്യത്തിലാണ് തോമസിനെ മന്ത്രിയാക്കിയില്ലെങ്കിലും ശശീന്ദ്രനെ രാജിവെപ്പിക്കാൻ പി.സി. ചാക്കോ വിഭാഗം കരുനീക്കുന്നത്. എന്നാൽ, എൻ.സി.പിയിൽ നിന്ന് അതിന് പൂർണ പിന്തുണയില്ല.
മുഖ്യമന്ത്രിയും സി.പി.എമ്മും ശശീന്ദ്രനൊപ്പമാണെന്ന് വ്യക്തമായതോടെ നേരത്തേ തോമസ് കെ. തോമസിനായി വാദിച്ച പലരും ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പായ സാഹചര്യത്തിൽ പാർട്ടി തീരുമാനിച്ചാലും രാജിവെക്കാൻ ശശീന്ദ്രൻ തയാറായേക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.