വീടിന്‍െറ സുരക്ഷയില്‍നിന്ന് സക്കരിയ മടങ്ങി; വഴിക്കണ്ണുനട്ട് വീണ്ടും ബിയ്യുമ്മയുടെ കാത്തിരിപ്പ്

പരപ്പനങ്ങാടി: കരിനിയമത്തിന്‍െറ കുരുക്കിലമര്‍ന്ന് മറുനാട്ടിലെ തടവറയില്‍ യൗവനം തള്ളിനീക്കുന്നതിനിടെ, എന്‍.ഐ.എ കോടതി കനിഞ്ഞുനല്‍കിയ രണ്ട് ദിവസത്തെ പ്രത്യേക അനുമതി കുടുംബത്തിന്‍െറ സ്നേഹവായ്പുകളില്‍ ചെലവഴിച്ച് സക്കരിയ മടങ്ങി.
ബംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടക പൊലീസ് 2009ല്‍ പിടിച്ചുകൊണ്ടുപോയ സക്കരിയ യു.എ.പി.എ നിയമത്തിന്‍െറ മറവില്‍ വിചാരണയോ ജാമ്യമോ ഇല്ലാതെ ഏഴ് വര്‍ഷമായി അഗ്രഹാര ജയിലില്‍ കഴിയുകയാണ്. സഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് യുവാവ് പത്തംഗ കാവല്‍സംഘത്തിന്‍െറ അകമ്പടിയോടെ വ്യാഴാഴ്ച വീട്ടിലത്തെിയത്.

വെള്ളിയാഴ്ച രാത്രി പത്തോടെ ഉമ്മ ബിയ്യുമ്മയും ബന്ധുക്കളും കണ്ണീര്‍തൂവി സക്കരിയയെ ബംഗളൂരുവിലേക്ക് യാത്രയാക്കി. എത്രയുംവേഗം മോചിതനായി മടങ്ങിവരട്ടെയെന്ന് 26കാരനായ മകനെ ചേര്‍ത്തുവെച്ച് പ്രാര്‍ഥിച്ച വിധവയും വൃദ്ധയുമായ ബിയ്യുമ്മ നീതിപീഠത്തിലുള്ള വിശ്വാസം കൈവിടരുതെന്ന് ഉപദേശിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലെ പള്ളിയില്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായെങ്കിലും പുറത്ത് പോവുന്നതില്‍നിന്ന് കോടതി വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിര്‍ദേശവും അനുസരിച്ചു.

കോണിയത്ത് തറവാട്ടിലത്തെിയ സുഹൃത്തുക്കളും നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സക്കരിയക്ക് ഹസ്തദാനവും പിന്തുണയും നല്‍കി മടങ്ങി.വിവാഹ സല്‍ക്കാര ശേഷം കുടുംബത്തിന് തനിച്ച് കിട്ടിയ സക്കരിയക്ക് ഇഷ്ട വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ വ്യാപൃതരായിരുന്ന ബിയ്യുമ്മയും വീട്ടിലെ ഇതര അംഗങ്ങളും. കൂടെയുണ്ടായിരുന്ന പൊലീസ് സംഘത്തിനും സക്കരിയക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്മീന്‍ മസാലയും മറ്റു ഭക്ഷണവും വിളമ്പി. കുടുംബത്തിലെ പുതിയ അംഗങ്ങളായ ചെറിയ കുട്ടികള്‍ സക്കരിയയെയും പൊലീസുകാരെയും കൗതുകത്തോടെ നോക്കിയിരുന്നു. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട തന്നെ കൈപിടിച്ച് വളര്‍ത്തിയ അമ്മാവനെ അവസാനമായി ഒരുനോക്ക് കാണാന്‍ കഴിയാതിരുന്നത് സക്കരിയക്ക് വേദന പകര്‍ന്നു.

ചെയ്ത തെറ്റെന്തെന്ന് ബോധ്യപ്പെടാതെ ബംഗളൂരു സ്ഫോടനക്കേസില്‍ എട്ടാം പ്രതിയായി ജയിലില്‍ കഴിയുന്ന സക്കരിയക്ക് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ‘ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം’ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരികയാണ്. അതിനിടെയാണ് സഹോദരന്‍ മുഹമ്മദ് ശരീഫിന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടുദിവസത്തെ ജാമ്യം ലഭിച്ചത്. രണ്ട് ഡ്രൈവര്‍മാരുള്‍പ്പെട്ട പത്തംഗ പൊലീസ് സംഘത്തിന്‍െറയും പ്രത്യേക വാഹനത്തിന്‍െറയും ഭീമമായ സാമ്പത്തിക ബാധ്യത സ്വന്തം വഹിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. കൈത്താങ്ങായി സോളിഡാരിറ്റിയുടെയും ആക്ഷന്‍ ഫോറത്തിന്‍െറയും നേതാക്കളത്തെിയത് കുടുംബത്തിന് ആശ്വാസം പകര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.