എസ്.ബി.ടി ലയനം: നഷ്ടപരിഹാരം ചോദ്യം ചെയ്യാന്‍ അവകാശമില്ല

തൃശൂര്‍: എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുമ്പോള്‍ വി.ആര്‍.എസ് എടുത്തോ മറ്റോ സര്‍വിസ് അവസാനിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത് കോടതിയിലോ മറ്റേതെങ്കിലും തര്‍ക്ക പരിഹാര സംവിധാനങ്ങളിലോ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടാവില്ല. ലയനം സംബന്ധിച്ച് എസ്.ബി.ഐയും എസ്.ബി.ടിയും ഒപ്പുവെച്ച ഉടമ്പടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എസ്.ബി.ടി ജീവനക്കാര്‍ക്ക് ‘ഓപ്ഷന്‍ ലെറ്റര്‍’നല്‍കും. എസ്.ബി.ഐയില്‍ ജോലി സ്വീകരിക്കുന്നുണ്ടെങ്കിലും വി.ആര്‍.എസ് എടുക്കുകയാണെങ്കിലും അക്കാര്യം 15 ദിവസത്തിനകം ലെറ്ററില്‍ പൂരിപ്പിച്ച് നല്‍കണം. ലെറ്റര്‍ നല്‍കാത്ത പക്ഷം എസ്.ബി.ഐയില്‍ ജോലി സ്വീകരിച്ചതായി കണക്കാക്കും. അതേസമയം, ലയനം പൂര്‍ണമാകുന്ന മുറക്ക് എസ്.ബി.ഐയില്‍ ജോലിക്ക് ഹാജരായില്ളെങ്കില്‍ ഒരു നഷ്ടപരിഹാരവും കിട്ടില്ളെന്ന് ഉടമ്പടിയിലുണ്ട്.

1947ലെ വ്യവസായ തര്‍ക്ക നിയമമോ മറ്റെതെങ്കിലും നിയമമോ അനുസരിച്ച് കോടതിയിലോ മറ്റേതെങ്കിലും സംവിധാനത്തിലോ നഷ്ടപരിഹാര തീരുമാനം ചോദ്യം ചെയ്യാന്‍ അവകാശമുണ്ടാവില്ല എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ലയന തീയതിക്കുമുമ്പ് എസ്.ബി.ടിയില്‍നിന്ന് വിരമിക്കുന്നവര്‍ക്കും എസ്.ബി.ഐയിലേക്ക് പോകുന്നില്ളെന്ന് രേഖാമൂലം അറിയിക്കുന്നവര്‍ക്കും നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ എസ്.ബി.ഐ നല്‍കും. എസ്.ബി.ഐയിലേക്ക് ഇല്ളെന്ന് നിശ്ചിത സമയത്തിനകം രേഖാമൂലം അറിയിക്കാത്ത പക്ഷം ജോലി നഷ്ടപ്പെടുന്നതിന് ബാങ്ക് ഉത്തരവാദിയല്ല.

എസ്.ബി.ടി ആഴ്ചകള്‍ക്കകം എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എസ്.ബി.ടി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും ആനുകൂല്യങ്ങളും മാതൃബാങ്കിലും ലഭിക്കുമെന്ന് ലയന ഉടമ്പടി ഉറപ്പ് നല്‍കുന്നുണ്ട്. അതേസമയം, എസ്.ബി.ഐയുടെ ഭാഗമായാല്‍ സംസ്ഥാനത്തിന് പുറത്തേക്കും സ്ഥലംമാറ്റപ്പെട്ടേക്കാമെന്ന ആശങ്ക ജീവനക്കാരില്‍ വ്യാപകമാണ്. ഇതൊഴിവാക്കാന്‍ ജോലി വിടുന്നവര്‍ക്ക് കിട്ടുന്നത് വാങ്ങിപ്പോകേണ്ടി വരുന്ന രീതിയിലാണ് ലയന ഉടമ്പടി വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.