ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് മുമ്പായി പുന:സംഘടനക്കുള്ള രാഷ്ട്രീയകാര്യ സമിതി ഉടൻ നിലവിൽ വരും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.െഎ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇതനുസരിച്ച് രാഷ്ട്രീയകാര്യ സമിതിയില്‍ പരിഗണിക്കേണ്ടവരുടെ പട്ടിക ഇരുവരും രാഹുലിന് കൈമാറി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇരുവരോടും കൂടിയാലോചിച്ച് മുന്നോട്ടു പോകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനോട് നിര്‍ദേശിക്കുമെന്ന് രാഹുല്‍ഗാന്ധി വാഗ്ദാനം ചെയ്തു.
സംഘടന തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്തുന്നത് വേണ്ടത്ര ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഉമ്മൻചാണ്ടി ഹൈകമാൻഡ് നിർദേശത്തിന് വഴങ്ങുകയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ.സി േജാസഫ്, ബെന്നി ബെഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം ഹസൻ, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകൾ ഉമ്മൻചാണ്ടി നിർദേശിച്ചു. രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരുമായി സംസാരിക്കാന്‍ നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങി.
സംസ്ഥാന കോണ്‍ഗ്രസിലെ സംഘടന പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് അടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയകാര്യ സമിതി ഉടന്‍ നിലവില്‍ വരും. വിഷയത്തില്‍ ഹൈകമാന്‍ഡ് ഉടന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഹൈകമാന്‍ഡ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാ അനിശ്ചിതത്വവും മാറി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.